mar08a

ആറ്റിങ്ങൽ: കാലത്തിനൊപ്പം മാറാൻ തയ്യാറായില്ലെങ്കിൽ ഏതുപ്രസ്ഥാനവും നിലനിൽക്കില്ലെന്നും ഉന്നതവിദ്യാഭ്യാസത്തിനും വിദഗ്ദ്ധ ചികിത്സ‌യ്‌ക്കും കൂടുതൽ പ്രാധാന്യം നൽകുന്ന പദ്ധതികളാണ് സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. സി.പി.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എ.‌സി.എ.സി നഗറിൽ ഭിന്നശേഷിക്കാരായ നിർദ്ധന ദമ്പതികൾക്ക് നിർമ്മിച്ച വീടിന്റെ താക്കോൽദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസകാര്യത്തിലും വിദഗ്ദ്ധ ചികിത്സയുടെ കാര്യത്തിലും കേരളം ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. നമ്മുടെ വിദ്യാർത്ഥികൾ അന്യസ്ഥലത്ത് പഠനത്തിന് പോകുന്നതിനുകാരണം ഇവിടെ അതിനുള്ള സാഹചര്യം ഇല്ലാത്തതുകൊണ്ടാണ്. അത് പരിഹരിച്ചേ മതിയാകൂ. വിദഗ്ദ്ധ ചികിത്സയുടെ കാര്യത്തിൽ അത്യന്താധുനിക സൗകര്യങ്ങളുള്ള ആശുപത്രികൾ കാലത്തിന്റെ ആവശ്യമാണ്. അത്തരത്തിൽ കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾക്ക് പ്രത്യേക പരിഗണന നൽകാൻ സർക്കാർ തീരുമാനമെടുത്തുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് പദ്ധതി പ്രകാരം സർക്കാർ നിരവധി വീടുകൾ നൽകിക്കഴിഞ്ഞു. അതുകൊണ്ടുമാത്രം പരിഹാരം കാണാനാകാത്ത സാഹചര്യത്തിലാണ് ലോക്കൽ കമ്മിറ്റികൾ വീടുവച്ചു നൽകാൻ രംഗത്തുവന്നതെന്നും കോടിയേരി വ്യക്തമാക്കി.
ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഭവനനിർമ്മാണ കമ്മിറ്റി ചെയർമാനുമായ ആർ. രാമു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ,​ നേതാക്കളായ ആനത്തലവട്ടം ആനന്ദൻ,​ ബി.പി. മുരളി,​ വി. ജോയി എം.എൽ.എ,​ ഒ.എസ്. അംബിക എം.എൽ.എ,​ അഡ്വ.ബി. സത്യൻ,​ അഡ്വ.ജി. സുഗുണൻ,​ ആർ. സുഭാഷ്,​ ഷൈലജാ ബീഗം,​ അഡ്വ.എസ്. ലെനിൻ,​ അഡ്വ.എസ്. കുമാരി,​ ആർ. രാജു,​ വിഷ്ണുചന്ദ്രൻ,​ എസ്. സുഖിൽ എന്നിവർ സംസാരിച്ചു. വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ദേവരാജൻ സ്വാഗതം പറഞ്ഞു.