
മലയിൻകീഴ്: മലയിൻകീഴ് ജംഗ്ഷന് സമീപം ശ്രീകൃഷ്ണ വിലാസം ഗ്രന്ഥ ശാലയ്ക്ക് മുന്നിൽ നിൽക്കുന്ന കൂറ്റൻ ആൽമരത്തിന്റെ അടിഭാഗം ദ്രവിച്ച് ഏത് നിമിഷം വേണമെങ്കിലും നിലം പൊത്താവുന്ന അവസ്ഥയിലാണ്. പഞ്ചായത്ത് വെയിറ്റിംഗ് ഷെഡ്, അംഗീകൃത കാർ സ്റ്റാൻഡ് എന്നിവ സ്ഥിതിചെയ്യുന്നിടമാണ്. ഇന്നലെ രാവിലെ മരത്തിന്റെ ദ്രവിച്ച ഭാഗത്ത് നിന്ന് പുകയും തീയും ഉയർന്നത് പ്രദേശത്ത് പരിഭ്രാന്തി പരത്തിയിരുന്നു. ഏറ ശ്രമത്തിനൊടുവിലാണ് നാട്ടുകാർ തീ കെടുത്തിയത്. വിവരമറിയിച്ചതനുസരിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുരേഷ് ബാബു സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. മരം അടിയന്തിരമായി മുറിയ്ക്കുന്നതിന് പൊതുമരാമത്ത് വകുപ്പിനെ അറിയിച്ചു. എന്നാൽ നടപടി ക്രമങ്ങൾ ഏറെയുള്ളതിനാൽ മരം മുറി നീളാനാണ് സാദ്ധ്യത. ശക്തമായ കാറ്റെന്നടിച്ചാൽ മരം നിലം പൊത്താം. മരം വീഴുകയാണെിൽ വൻ ദുരന്തത്തിന് ഇടയാക്കും.അടുത്തിടെ മലയിൻകീഴ് ഗ്രന്ഥശാലയ്ക്ക് സമീപത്ത് നിന്ന കൂറ്റൻ ബദാം മരം ഒടിഞ്ഞ് വീണ് മൂന്ന് സ്റ്റാൻഡിൽ കിടന്ന കാറുകൾ തകർന്നിരുന്നു. കാറിന്റെ അകത്ത് മരം ഇടിച്ച് കയറിയി. അന്ന് ആളാപായമുണ്ടാകാത്തത് അത്ഭുകരമാണ്. റോഡ് സൈഡിൽ നിൽക്കുന്ന മരങ്ങളുടെ അവകാശി പൊതുമരാമത്ത് വകുപ്പാണ്. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിയ്ക്കണമെങ്കിലും കടമ്പളേറെയുണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പ് മലയിൻകീഴ് എ.ഇ. ദീപക് നൽകിയ വിവരം. എന്നാൽ ജംഗ്ഷനിലെ അപകടാവസ്ഥയിലായ ആൽമരം അടിയന്തിരമായി മുറിച്ച് മാറ്റുമെന്ന് എ.ഇ. അറിയിച്ചു.