khasi

തിരുവനന്തപുരം: ചന്തിരൂർ വി.എം.അബ്ദുല്ലാഹ് മൗലവിയെ തിരുവനന്തപുരം വലിയ ഖാസിയായി നിയമിച്ചതായി കേരള ഖത്തീബ്സ് ആൻഡ് ഖാസി ഫോറം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രമുഖ പണ്ഡിതനും ആലപ്പുഴ ചന്തിരൂർ ജാമിഅമില്ലിയ്യ പ്രിൻസിപ്പലുമാണ്. തലസ്ഥാനത്തെ പ്രഥമ വലിയ ഖാസിയായിരുന്ന ചേലക്കുളം മുഹമ്മദ് അബുൽ ബുഷ്റാ മൗലവിയുടെ വിയോഗത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് അബ്ദുല്ലാഹ് മൗലവി തിരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ സീനിയർ വൈസ് പ്രസിഡന്റും ആലപ്പുഴ ജില്ലാ പ്രസിഡന്റുമാണ്. 1974 ൽ വെല്ലൂർ ജാമിഅ ബാഖിയാത്തു സ്വാലിഹാത്തിൽ നിന്നു ബാഖവി ബിരുദം നേടി. ഈരാറ്റുപേട്ട മയ്യത്തുംകര, ചന്തിരൂർ ഫാറൂഖിയ്യ തുടങ്ങി മഹല്ലുകളിൽ ഖത്തീബും മുദരിസുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിയുക്ത വലിയ ഖാസിയുടെ സ്ഥാനാരോഹണം മാർച്ച് അവസാനവാരം നടക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്റ് പാനിപ്ര ഇബ്രാഹീം മൗലവി,​ ജനറൽ സെക്രട്ടറി പാച്ചല്ലൂർ അബ്ദുസലീം മൗലവി,​ അഡ്വൈസറി ബോർഡംഗം കുറ്റിച്ചൽ ഹസ്സൻ ബസരി മൗലവി,​ മണക്കാട് വലിയ പള്ളി പ്രസിഡന്റ് മോഡേൺ അബ്ദുൽ ഖാദർ ഹാജി,​ പുന്തുറ പുത്തൻപള്ളി പ്രസിഡന്റ് എം.അബ്ദുറഷീദ് ഹാജി,​ ഖാസിഫോറം സെക്രട്ടറിമാരായ കടുവയിൽ ഷാജഹാൻ മൗലവി, പി.എം.അബ്ദുൽ ജലീൽ മൗലവി എന്നിവർ പങ്കെടുത്തു.