varkkala

തിരുവനന്തപുരം: 'ടോയ്ലെറ്റിൽ പോകാൻ വീടിനു പുറത്തിറങ്ങിയപ്പോൾ കണ്ടത് ബേബിയുടെ വീട്ടിൽ തീപടരുന്നതാണ്, കാർപോർച്ചിൽ കിടന്ന വാഹനങ്ങൾ കത്തിയമരുന്നു. ഒന്നാമത്തെ നിലയിലേക്കും തീ പടരുന്നു. എന്ത് ചെയ്യണമെന്നറിയാതെ അലറി വിളിച്ചു"- വർക്കല ചെറുന്നിയൂർ ബ്ലോക്ക് ഓഫീസിനടുത്തെ വീട്ടിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തം ആദ്യം കണ്ട അയൽവാസി കെ.ശശാങ്കൻ നടുക്കം വിട്ടുമാറാതെ പറഞ്ഞു.

പ്രതാപനെ അടുപ്പമുള്ളവർ വിളിക്കുന്നത് ബേബിയെന്നാണ്. കൂട്ടുകാരനും കുടുംബവും കൺമുന്നിൽ എരിഞ്ഞൊടുങ്ങുമ്പോൾ തനിക്കൊന്നും ചെയ്യാനായില്ലല്ലോ എന്ന വിഷമം ശശാങ്കന് താങ്ങാനാവുന്നില്ല. പ്രതാപന്റെ വീടിന് എതിർവശത്തെ ചെറിയ വീട്ടിൽ മൂന്നു വർഷമായി വാടകയ്‌ക്ക് കഴിയുകയാണ് ശശാങ്കനും ഭാര്യയും മകളും.

'പുലർച്ചെ 1.40ഓടെയാണ് വീട്ടിൽ നിന്ന് പുറത്തിറങ്ങിയത്. അപ്പോഴാണ് തീപിടിക്കുന്നത് കണ്ടത്. ശ്വാസം നേരെ വീണപ്പോൾ അലറിവിളിച്ചു. നിലവിളികേട്ട് ഭാര്യ നളിനിയും മകൾ അലീനയും പേടിച്ച് പുറത്തുവന്നു. തീപടരുന്നത് കണ്ടതോടെ അവരും നിലവിളിച്ചു.

ഗേറ്റിൽ തട്ടിവിളിച്ചിട്ടും ബഹളമുണ്ടാക്കിയിട്ടും പ്രതാപന്റെ വീട്ടിൽ നിന്ന് ആരും പുറത്തുവന്നില്ല. തൊട്ടടുത്ത് താമസിക്കുന്ന പ്രതാപന്റെ സഹോദരിയുടെ മകൾ ബിന്ദുവിന്റെ വീട്ടിൽ തട്ടിവിളിച്ച് വിവരം പറഞ്ഞു. അതിനിടെ മകൾ അലീന പ്രതാപന്റെ മരുമകൾ അഭിരാമിയെ വിളിച്ചു. ആദ്യം എടുത്തില്ല. രണ്ടാം വട്ടം അഭിരാമിയുടെ ഭർത്താവ് നിഹുൽ ഫോണെടുത്തു. ഇയാൾ മുകളിലെ സിറ്റൗട്ടിൽ എത്തി തീപടരുന്നത് കണ്ടതോടെ വീണ്ടും മുറിയിലേക്ക് കയറി.

പിന്നെ ഒന്നും അറിയാൻ കഴിഞ്ഞില്ല. ആളുകൾ എത്തുമ്പോഴേക്കും വീടിനുള്ളിലേക്കു തീ പടർന്നുപിടിച്ചിരുന്നു. കാർപോർച്ചിലുണ്ടായിരുന്ന നാല് ഇരുചക്രവാഹനങ്ങളും കത്തിയമർന്നു. ശശാങ്കന്റെ ബാല്യകാല സുഹൃത്തും സഹപാഠിയുമാണ് പ്രതാപൻ.