
മലയിൻകീഴ് : പുത്തൻ കാട്ടുവിള തോട്ടരികത്ത് വീട്ടിൽ ബിനീഷി(19)ന്റെ ദാരുണാന്ത്യത്തോടെ കുടുംബത്തിന്റെ ആണിക്കല്ലാണ് തകർന്നത്. ക്വാറി പണിചെയ്തു കുടുംബം പോറ്റിയിരുന്ന ബിനീഷിന്റെ പിതാവ് ബിനു, പലവിധ രോഗങ്ങളാൽ മിക്കപ്പോഴും വീട്ടിലിരിപ്പാണ്.44 കാരനെങ്കിലും രോഗങ്ങളുടെ പട്ടിക തന്നെയുണ്ട്.കടുത്ത ശ്വസതടസവും ചുമയുംമൂലം കുറെക്കാലമായി പണിക്ക് പോകാനാകുന്നില്ല. മൂക്കുന്നിമലയുൾപ്പെടെ ജാക്ഹാമർ ഉപയോഗിച്ചുള്ള പാറപ്പണിയായിരുന്നു ബിനുവിന്.പാറപ്പൊടി ഉള്ളിൽച്ചെന്ന് ആരോഗ്യം ക്ഷയിച്ചിരുന്നു. മകൻ ബിനീഷ് പണിക്ക് പോയിത്തുടങ്ങിയതോടെ സന്തോഷത്തോടെയാണ് ബിനുവിന്റെ കുടുംബം കഴിഞ്ഞിരുന്നത്. മകന്റെ വേർപാട് ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്.
ഏക സഹോദരി വിനിലയുടെ വിവാഹം രണ്ടു വർഷം മുൻപായിരുന്നു.ബിനീഷിന്റെയും പിതാവിന്റെയും സമ്പാദ്യത്തിലും പലരിൽ നിന്ന് കൈവായ്പ എടുത്തുമാണ് വിവാഹം നടത്തിയത്.ഇനിയും കടം ബാക്കിയുണ്ട്.മകന്റെ വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ച് കടം വീട്ടാമെന്ന പ്രതീക്ഷയിലായിരുന്നു പിതാവ്.മലയം സ്വദേശിയായ ബിനു 15 വർഷംമുമ്പാണ് കാട്ടുവിളയിൽ ഭാര്യയുടെ കുടുംബസ്ഥലത്ത് വീട് പണിതത്.ഷീറ്റ് മേഞ്ഞവീട് നവീകരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ബിനുവിന്റെ രോഗത്തോടെയാണ് പഠനം മതിയാക്കി ബിനീഷ് ടൈൽസ് പണിക്കിറങ്ങിയത്. അവധി എടുക്കാതെ ബിനീഷ് പണിക്ക് പോകുമായിരുന്നുവെന്ന് സുഹൃത്തുക്കൾ വിതുമ്പലോടെ പറയുന്നു.പണി സ്ഥലത്ത് എത്തിയാലുടൻ ബിനീഷ് വീട്ടിൽ ഫോൺ ചെയ്ത് അറിയിക്കുമായിരുന്നു.ഇന്നലെ പക്ഷേ അതുണ്ടായില്ല.തൊട്ട് പിന്നാലെയാണ് മകന്റെ മരണ വിവരമറിയുന്നത്.നിയന്ത്രണംവിട്ട ബിനീഷിന്റെ ബൈക്ക് ടെമ്പോയുടെ മുൻ ഭാഗത്തിടിച്ചുകയറുകയായിരുന്നു.