pinarayi

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്ത് മികവിന്റെ കേന്ദ്രങ്ങൾ വളർത്തിയെടുക്കാൻ കേരളം നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്ന് നെതർലാൻഡ് അംബാസഡർ മാർട്ടെൻ വാൻഡെൻ ബെർഗ്‌സ് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസം നവീകരണത്തിന്റെ പാതയിലാണ്. നെതർലാൻഡിലെ സാങ്കേതിക സർവകലാശാലകളുമായി കൂടുതൽ മികച്ച രീതിയിൽ സഹകരിക്കാൻ അവസരം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ വ്യവസായ മേഖലയിൽ ഡച്ച് കമ്പനികളുടെ കൂടുതൽ നിക്ഷേപം കൊണ്ടുവരണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥന അദ്ദേഹം സ്വീകരിച്ചു. നെതർലാൻഡ്സിലെ വിനോദ സഞ്ചാരികളെ മുഖ്യമന്ത്രി കേരളത്തിലേക്ക് സ്വാഗതം ചെയ്തു. 2018ലെ പ്രളയത്തിനു ശേഷം നെതർലാൻഡിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങളും സഹായങ്ങളും ദുരന്ത നിവാരണ രംഗത്ത് കേരളത്തിനു മുതൽക്കൂട്ടായി മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൃഷി, ജലവിഭവം, സാങ്കേതിക വിദ്യാഭ്യാസം, കാലാവസ്ഥാ പ്രശ്‌നങ്ങൾ തുടങ്ങിയ മേഖലകളിൽ നെതർലാൻഡ് സംഘം സഹകരണം വാഗ്ദാനം ചെയ്തു. ഉപ്പുവെള്ള കൃഷി, പാലുല്പാദനം, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിൽ സഹകരിക്കും.