ശരീരത്തിലെ പരിക്കുകൾ മരണകാരണമല്ലെന്ന് വിശദമായ റിപ്പോർട്ട്
തിരുവനന്തപുരം: തിരുവല്ലം ജഡ്‌ജിക്കുന്നിൽ ദമ്പതിമാരെ ആക്രമിച്ച കേസിൽ അറസ്‌റ്റിലായ സുരേഷിന്റെ മരണകാരണം ഹൃദയാഘാതം തന്നെയാണെന്ന് സ്ഥിരീകരിച്ച് വിശദമായ പോസ്‌റ്റുമോർട്ടം റിപ്പോർട്ട്. സുരേഷിന്റെ ശരീരത്തിൽ കാര്യമായ പരിക്കുകളോ ഗുരുതരമായി മർദ്ദനമേറ്റതിന്റെ പാടുകളോ അടയാളങ്ങളോ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ചെറിയ പാടുകളും അടയാളങ്ങളും ശരീരത്തിലുണ്ടെങ്കിലും അവയൊന്നും മരണകാരണമാകുന്നതല്ല. ഇതിന്റെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണമെന്ന നിലവിലെ വകുപ്പ് നിലനിറുത്തി അന്വേഷണം തുടരാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. കേസിൽ മർദ്ദനം, കൊലപാതകം പോലുള്ള വകുപ്പുകൾ ഉടൻ ചുമത്തില്ലെങ്കിലും കസ്‌റ്റഡിയിൽ മർദ്ദനമേറ്റോയെന്ന് അറിയാനുള്ള അന്വേഷണം തുടരും. പുതിയ തെളിവുകൾ ലഭിച്ചാൽ കൂടുതൽ വകുപ്പുകൾ ചേർക്കും.
സുരേഷിന്റെ ശരീരത്തിലുള്ള പാടുകൾ എങ്ങനെയാണുണ്ടായതെന്ന് കണ്ടെത്താൻ ഇയാൾക്കൊപ്പം അറസ്‌റ്റിലായവരെ ജയിലിലെത്തി ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. സംഭവസമയം തിരുവല്ലം സ്‌റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരെയും ചോദ്യം ചെയ്യും. ഇതുകൂടാതെ ജഡ്‌ജിക്കുന്നിലെ സാക്ഷികളുടെയും പോസ്‌റ്റുമോർട്ടം നടത്തിയ ഡോക്ടർമാരുടെയും മൊഴിയെടുക്കും. സംഭവത്തിൽ ക്രൈംബ്രാഞ്ചിനൊപ്പം മജിസ്‌ട്രേട്ട് തലത്തിലുള്ള അന്വേഷണവും തുടരുകയാണ്.
തിരുവല്ലത്തെ ജഡ്‌ജിക്കുന്ന് കാണാനെത്തിയ ദമ്പതികളെ ആക്രമിച്ചതിന് 27നാണ് സുരേഷ് അറസ്‌റ്റിലായത്. ഒരു രാത്രി മുഴുവൻ പൊലീസ് കസ്‌റ്റഡിയിലിരിക്കെ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ സുരേഷിനെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇതോടെയാണ് കസ്‌റ്റഡി മരണമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയത്.