bus

തിരുവനന്തപുരം: ലോക വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് വനിതകൾക്ക് മാത്രമായി സംസ്ഥാനത്തെ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നടത്തി.

സർവീസുകളുടെ സംസ്ഥാനതല ഉദ്ഘാടനം നവകേരള മിഷൻ ഡയറക്ടർ ഡോ.ടി.എൻ.സീമ നിർവഹിച്ചു. നെയ്യാറ്റിൻകര നിംസിലെ വനിതാ ജീവനക്കാർക്കായി നടത്തിയ മൺറോതുരുത്ത്, സാബ്രാണിക്കൊടി, തിരുമല്ലവാരം ബീച്ച് എന്നിവിടങ്ങളിലേക്കുള്ള യാത്രയാണ് ടി.എൻ. സീമ ഫ്ലാഗ് ഓഫ് ചെയ്തത്. തിരുവനന്തപുരം സെൻട്രൽ സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ കെ.എസ്.ആർ.ടി.സി സൗത്ത് സോൺ എക്സിക്യൂട്ടീവ്ഡയറക്ടർ ജി.അനിൽകുമാർ, നൂറുൽ ഇസ്ലാം സർവകലാശാല പ്രോവൈസ് ചാൻസലർ ഡോ.എം.എസ്.ഫൈസൽ ഖാൻ, നെയ്യാറ്റിൻകര എ.ടി.ഒ എസ്. മുഹമ്മദ് ബഷീർ തുടങ്ങിയവർ പങ്കെടുത്തു. നിംസ് മെഡിസിറ്റിയിലെ വനിതാ ജീവനക്കാർ ഫ്ളാഷ് മോബും അവതരിപ്പിച്ചു.

ഇതോടൊപ്പം സംസ്ഥാനത്തുടനീളം 100 വനിതകൾ മാത്രമുള്ള വിവിധ ട്രിപ്പുകളും നടത്തി. കൊച്ചി വണ്ടർലായുമായി സഹകരിച്ച് 20 ട്രിപ്പുകളും താമരശേരി യൂണിറ്റിൽ നിന്നും 16 വനിതാ ഉല്ലാസ യാത്രകളും നടത്തി. തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുമായി സഹകരിച്ച് തീരദേശ വനിതകൾ പങ്കെടുക്കുന്ന 4 ദിവസം നീണ്ടു നിൽക്കുന്ന തിരുവനന്തപുരം കോഴിക്കോട് വനിതാ യാത്രയും ആരംഭിച്ചു. ഇന്നലെ മുതൽ 13 വരെയാണ് കെ.എസ്.ആർ.ടി.സി 'വനിതാ യാത്രാ വാരം' സംഘടിപ്പിച്ചിരിക്കുന്നത്.