
വർക്കല: വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ തങ്ങളുടെ പ്രിയപ്പെട്ട ആർ.പി.എൻ മുതലാളിയുടെയും കുടുംബാംഗങ്ങളുടെയും അകാലവിയോഗം വ്യാപാരികൾക്കും തൊഴിലാളികൾക്കും കണ്ണീരോർമ്മയായി. ജില്ലയിലെ പച്ചക്കറി - പഴവർഗ മൊത്തവ്യാപാരിയെന്നതിൽ ഒതുങ്ങുന്നതല്ല ആർ.പി.എൻ മുതലാളിയെന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന പ്രതാപന് പുത്തൻചന്തയിലുള്ള അടുപ്പം.
പാവപ്പെട്ട കുടുംബത്തിലെ അംഗമായിരുന്ന പ്രതാപൻ സ്‌കൂൾ പഠനകാലം കഴിഞ്ഞ് അമ്മയ്ക്കൊപ്പം പുത്തൻചന്തയിൽ നിലത്ത് പച്ചക്കറി നിരത്തി വില്പന നടത്തിയാണ് ബിസിനസിന് തുടക്കമിട്ടത്. പുലർച്ചെ ചാലക്കമ്പോളത്തിലെത്തി പച്ചക്കറി വിലയ്ക്ക് വാങ്ങി ഉൾനാടൻ ഗ്രാമപ്രദേശമായ പുത്തൻചന്തയിലെത്തിച്ച് തുച്ഛമായ ലാഭത്തിൽ വില്പന നടത്തിയാണ് തുടക്കം. പതിറ്റാണ്ടുകളോളം പുത്തൻചന്ത മാർക്കറ്റിൽ ചെറുകിട കച്ചവടക്കാരനായിരുന്ന പ്രതാപന്റെ അദ്ധ്വാനമാണ് ഇന്ന് ജില്ലയിലെ മൊത്ത വ്യാപാരിയായി അയാളെ മാറ്റിയത്. കഴിഞ്ഞ കാൽനൂറ്റാണ്ടിലേറെയായി പുത്തൻചന്തയിൽ വർക്കല - കടയ്ക്കാവൂർ റോഡിലാണ് പ്രതാപന്റെ ആർ.പി.എൻ പച്ചക്കരി മൊത്തവിതരണക്കട.
കഴക്കൂട്ടം മുതൽ കൊട്ടിയം വരെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ചെറുകിട പച്ചക്കറി വ്യാപാരികൾക്ക് ആവശ്യമായ സാധനങ്ങളെത്തിച്ചിരുന്നത് പ്രതാപനാണ്. ചുമട്ടുകാരുൾപ്പെടെ 60ഓളം തൊഴിലാളികൾ പ്രതാപന്റെ കടയിൽ ജോലിചെയ്യുന്നുണ്ട്. സ്‌നേഹത്തോടെ തൊഴിലാളികളോട് പെരുമാറിയിരുന്ന പ്രതാപൻ അവരുടെയും കുടുംബത്തിന്റെയും സുഖ - ദുഃഖങ്ങളിൽ അവർക്കൊപ്പമുണ്ടായിരുന്നു. എന്നും പുലർച്ചെ നാലരയ്ക്ക് പ്രതാപൻ കടയിലെത്തും. എട്ടുവരെ പച്ചക്കറികളുടെ മൊത്ത വ്യാപാരമാണ് ഇവിടെ. അതിനുശേഷമാണ് ചില്ലറ വില്പന. ഉച്ചയ്‌ക്ക് ഊണിനുശേഷം അല്പസമയത്തെ വിശ്രമം. പിന്നെ രാത്രി കടപൂട്ടിയാണ് മടക്കം. മക്കളും കടയിൽ സഹായത്തിനുണ്ട്.
പച്ചക്കറി - പഴവർഗ വ്യാപാരത്തിൽ നിന്ന് സമ്പാദ്യം സ്വരുക്കൂട്ടിയ പ്രതാപൻ പുത്തൻചന്തയിൽ വസ്തുവകകളും കെട്ടിടങ്ങളും സ്വന്തമാക്കിയെങ്കിലും വർഷങ്ങൾക്ക് മുമ്പ് ചെറിയതോതിൽ കച്ചവടം തുടങ്ങിയ വാടകക്കെട്ടിടം ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. നല്ല രാശിയുള്ള കടയായതിനാൽ മരിക്കുംവരെ ഇവിടെതന്നെ കച്ചവടം ചെയ്യുമെന്നായിരുന്നു പ്രതാപൻ വ്യാപാരി സുഹൃത്തുക്കളോടും മറ്റും പറഞ്ഞിരുന്നത്. ഭാര്യയുമായി ആശുപത്രിയിൽ പോകേണ്ടതിനാൽ തിങ്കളാഴ്ച പ്രതാപൻ കടയിൽ വന്നിരുന്നില്ല. ചൊവ്വാഴ്ച പുലർച്ചെ തൊഴിലാളികൾ കടയിലെത്തുമ്പോഴാണ് മുതലാളിക്കും കുടുംബത്തിനുമുണ്ടായ ദുരന്തമറിഞ്ഞത്. കച്ചവടത്തിനുള്ള സാധനങ്ങൾ ലോഡുകണക്കിനെത്തിയ കടയിൽ പ്രതാപനും കുടുംബത്തിനും ആദരാഞ്ജലികൾ അർപ്പിച്ചുള്ള ഫോട്ടോയ്ക്ക് മുന്നിൽ കണ്ണീരോർമ്മകളുമായി നിൽക്കുകയാണ് അവർ.
ഫോട്ടോ: വർക്കല പുത്തൻചന്ത ജംഗ്‌ഷനിൽ
പ്രവർത്തിക്കുന്ന പ്രതാപന്റെ കട