തിരുവനന്തപുരം: പാമ്പുകടിയേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച രോഗിക്ക് ചികിത്സ വൈകിയെന്ന ആരോപണം വാസ്തവ വിരുദ്ധമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എ.നിസാറുദീൻ അറിയിച്ചു.
ചൊവ്വാഴ്ച വെളുപ്പിന് ഒന്നേമുക്കാലോടെ ഇടതുകാലിന്റെ പിൻ ഭാഗത്ത് പാമ്പുകടിയേറ്റ നിലയിലാണ് പേരൂർക്കട ഗവ. ആശുപത്രിയിൽ നിന്ന് വട്ടിയൂർക്കാവ് വെള്ളെക്കടവ് സ്വദേശിയായ ഷീലയെ (50) മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
ഉടൻ ഡ്യൂട്ടി ഡോക്ടർമാർ പരിശോധിച്ച് ചികിത്സ ആരംഭിച്ചു. പരിശോധനയിൽ രോഗിക്ക് നേരത്തേ ആസ്തമയും റുമറ്റോയ്ഡ് ആർത്രൈറ്റിസുമുള്ളതായി കണ്ടെത്തി. കാലിൽ പാമ്പുകടിയേറ്റ മുറിവുണ്ടെങ്കിലും രക്തസ്രാവമോ മറ്റുപ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല. രക്തപരിശോധനയ്ക്കായി സാമ്പിളും ശേഖരിച്ചു.
17-ാം വാർഡിൽ പ്രവേശിപ്പിച്ച രോഗിയെ തുടർന്ന് മെഡിസിൻ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. എന്നാൽ അവിടെ വച്ച് ശ്വാസതടസമുൾപ്പെടെയുള്ള പാമ്പുകടിയേറ്റതിന്റെ പ്രശ്നങ്ങൾ കണ്ടതിനാൽ രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റി. ആന്റിവെനവും ആന്റിബയോട്ടിക്കുകളും കുത്തിവയ്പുകളും നൽകി. തുടർന്ന് രോഗിയുടെ ഗുരുതരാവസ്ഥ ബന്ധുക്കളെ അറിയിച്ചു. നെഫ്രോളജിസ്റ്റ് പരിശോധിച്ച ശേഷം ഹീമോ ഡയാലിസിസ് ചെയ്തു. അതിനിടയിൽ ആരോഗ്യനില വഷളായി രോഗി മരിക്കുകയായിരുന്നുവെന്ന് സൂപ്രണ്ട് അറിയിച്ചു.
എന്നാൽ രോഗിക്ക് ചികിത്സ വൈകിപ്പിച്ചതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. വിഷയത്തിൽ മന്ത്രി വീണാ ജോർജ് ആശുപത്രി സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.