
തിരുവനന്തപുരം: പ്ളസ് വൺ വിദ്യാർത്ഥികൾക്ക് പൊതുപരീക്ഷാ ഫീസടയ്ക്കാൻ മുന്നുദിവസത്തെ സമയം മാത്രം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് തിരക്കുപിടിച്ച് ഉത്തരവിറക്കിയത് വിവാദത്തിൽ. ഈ മാസം 11 നകം 240 രൂപ ഫീസടയ്ക്കണമെന്ന ഉത്തരവ് ഇന്നലെ ഉച്ചയ്ക്കാണ് ഇറക്കിയത്. 200 രൂപ എക്സാമിനേഷൻ ഫീസും 40 രൂപ സർട്ടിഫിക്കറ്റ് ഫീസുമാണ് അടയ്ക്കേണ്ടത്. 11 കഴിഞ്ഞാൽ 20 രൂപ ഫൈനോടു കൂടി ഈ മാസം 16 വരെയും അഞ്ചു രൂപ അഡീഷണൽ ഫൈൻ ചേർത്ത് 19 വരെയും 600 രൂപ സൂപ്പർ ഫൈനോടെ 23 വരെയും അടയ്ക്കാം.
ജൂൺ രണ്ടിനാണ് പ്ളസ് വൺ പൊതു പരീക്ഷ ആരംഭിക്കുന്നത്. പരീക്ഷയ്ക്കായി രണ്ടു മാസത്തിലധികം സമയം ഉള്ളപ്പോഴാണ് ഫീസടയ്ക്കാൻ വേണ്ടത്ര സമയം നൽകാതെ ഉത്തരവിറക്കിയത്. ഇതിനെതിരെ വിമർശനം ശക്തമായി. കുറഞ്ഞ സമയത്തിനുള്ളിൽ ഫീസ് അടയ്ക്കാൻ ആവശ്യപ്പെടുന്നത് രക്ഷിതാക്കളെ ബുദ്ധിമുട്ടിലാക്കും. തീയതി നീട്ടണമെന്ന ആവശ്യം ശക്തമായി.