saigram

തിരുവനന്തപുരം: സ്ത്രീകൾ പതിവായി ഉപയോഗിക്കുന്ന ആരോഗ്യത്തിന് ഹാനീകരമായ സിന്തറ്റിക്ക് പാഡുകൾക്ക് പകരം ക്ലോത്ത് പാഡുകൾ വ്യാപകമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വനിതാ ജയിലുകളിൽ തോന്നയ്‌ക്കൽ സായിഗ്രാമത്തിന്റെ നേതൃത്വത്തിൽ ക്ലോത്ത് പാഡ് ലഭ്യമാക്കുന്ന പാഡ് പ്രിസൺസ് പ്രോജക്ട് ആരംഭിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഇന്നലെ അട്ടക്കുളങ്ങര വനിതാ ജയിലിൽ നടന്നു.

ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ ചെയർപേഴ്സൺ റിട്ട.ജസ്റ്റിസ് എ. ലക്ഷ്മിക്കുട്ടിയും എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാറും ജയിൽ അധികൃതർക്ക് ക്ലോത്ത് പാഡുകൾ നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ജയിൽ സൂപ്രണ്ട് സോഫിയാ ബീവി. എസ്, ദക്ഷിണമേഖല ജയിൽ ഡി.ഐ.ജി പി. അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

ക്ലോത്ത്പാഡ് പ്രോജക്ട് കോ ഓർഡിനേറ്റർ ദേവിക ജയ്സൽ പദ്ധതി വിശദീകരിച്ചു. എല്ലാ വനിതാ ജയിലുകളിലും നിർമ്മാണപരിശീലനവും ആവശ്യമായ തയ്യൽ യന്ത്രങ്ങളും നിർമ്മാണത്തിന് ആവശ്യമായ വസ്‌തുക്കളും സായിഗ്രാമം നൽകും. ഇടുക്കിയിൽ കുടുംബശ്രീ യൂണിറ്റിന് കീഴിലുള്ള സേവിക എം.ഇ.സി ഗ്രൂപ്പാണ് പരിശീലനം നൽകുന്നത്.

ആറുമാസത്തിനുള്ളിൽ എല്ലാ ജയിലുകളിലും പാഡ് നിർമ്മാണം ആരംഭിക്കുമെന്നും തോന്നയ്‌ക്കലിലെ സായി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഉടൻ നിർമ്മാണം തുടങ്ങുമെന്നും കെ.എൻ. ആനന്ദകുമാർ അറിയിച്ചു.

മൂന്നുവർഷം ഉപയോഗിക്കാം

മൂന്നുവർഷം വരെ ഉപയോഗിക്കാവുന്ന ക്ലോത്ത് പാഡുകളാണ് നിർമ്മിക്കുന്നത്. പരമാവധി 120 രൂപയാണ് വില. ഉപയോഗശൂന്യമായി മണ്ണിലെത്തിയാൽ തുണികൾക്ക് സമാനമായി ഇവ നശിച്ചുപോകും. പദ്ധതിക്കായി അഞ്ചുലക്ഷം രൂപയാണ് സായിഗ്രാമം നീക്കിവച്ചിരിക്കുന്നത്.