
 സംഭവം തിരുനെൽവേലി ജില്ലയിൽ
നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ നാഗർകോവിലിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡരികിൽ കുഴിച്ചിട്ടു. നേശമണിനഗർ സിയോൺ തെരുവ് സ്വദേശി പി.ടി. ചെല്ലപ്പന്റെ മകൻ ലിബിൻരാജയാണ് (23) കൊല്ലപ്പെട്ടത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ലിപിൻ രാജയുടെ പിതാവ് പി.ടി. ചെല്ലപ്പൻ എ.ഡി.എം.കെയുടെ പ്രാദേശിക നേതാവും കുലശേഖരം അയൽകോട് പഞ്ചായത്ത് പ്രസിഡന്റുമാണ്. ആന്ധ്രയിലെ കോളേജിൽ എൽഎൽ.ബി ഒന്നാംവർഷ വിദ്യാർത്ഥിയായ ലിബിനെ നാലാം തിയതി രാത്രി മുതൽ കാണാത്തതിനെ തുടർന്ന് ചെല്ലപ്പൻ നേശമണിനഗർ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
പൊലീസ് അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രി ചെല്ലപ്പന്റെ മൊബൈൽ ഫോണിൽ വിളിച്ച അജ്ഞാതൻ മകനെ കൊലപ്പെടുത്തി പഴവൂരിൽ കുഴിച്ചിട്ടിരിക്കുന്നതായി അറിയിച്ചു. ഉടൻതന്നെ ചെല്ലപ്പൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നിർദ്ദേശ പ്രകാരം എസ്.ഐ ശരവണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് തിരുനെൽവേലി ജില്ലയിലെ പഴവൂർ നാലുവരിപ്പാതയുടെ സമീപത്തുനിന്ന് കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ തഹസീൽദാർ, റവന്യൂ ഉദ്യോഗസ്ഥർ, പൊലീസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. 2021ൽ ലിബിൻരാജയും പുതുക്കുടിയിരിപ്പിലുള്ള സുഹൃത്തുക്കളും തമ്മിൽ വഴക്കുണ്ടായിരുന്നു. അന്നത്തെ സംഭവത്തിന്റെ വൈരാഗ്യമാണ് കൊലയ്‌ക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. ലിബിൻരാജയെ പ്രതികൾ വീട്ടിലെത്തി ബൈക്കിൽ കൂട്ടിക്കൊണ്ടുപോയതാണെന്ന് പൊലീസ് വ്യക്തമാക്കി.
സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്, ഇവരെ ഉടൻ പിടികൂടുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.