pinarayi

തിരുവനന്തപുരം: സ്ത്രീധനത്തിന് അറുതി വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽ സ്ത്രീകളെ കമ്പോളീകരിക്കുന്ന ഏറ്റവും ദുഷിച്ച ഏർപ്പാടാണ് സ്ത്രീധനം. ഇത്തരം സംസ്‌കാരരഹിത സമീപനങ്ങളെ ഇല്ലാതാക്കുകയെന്നത് ലിംഗസമത്വത്തിന് അത്യന്താപേക്ഷിതമാണ്. അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.


തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് സ്ത്രീകൾക്കും സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്നതിനെക്കുറിച്ച് പുരുഷന്മാർക്കും കൃത്യമായ ബോധം ഉണ്ടാവണം. തൊഴിൽ മേഖലയിൽ അടക്കം സ്ത്രീകൾക്കു നേരെ ഏതുതരത്തിലുള്ള വിവേചനങ്ങൾ ഉണ്ടായാലും സർക്കാർ ഇടപെടും. സമൂഹത്തിൽ അടിഞ്ഞുകിടക്കുന്ന സ്ത്രീവിരുദ്ധമായ എല്ലാ ഘടകങ്ങളെയും ഇല്ലാതാക്കി വേണം മുന്നേറേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് ശാന്താ ജോസ്, ഡോ. വൈക്കം വിജയലക്ഷ്മി, ഡോ. സുനിതാ കൃഷ്ണൻ, ഡോ. യു.പി.വി. സുധ എന്നിവർക്ക് മുഖ്യമന്ത്രി വനിതാരത്‌ന പുരസ്‌കാരങ്ങൾ സമ്മാനിച്ചു. അങ്കണവാടി വർക്കർമാർ, ഹെൽപ്പർമാർ, സൂപ്പർവൈസർമാർ, ശിശുവികസന പദ്ധതി ഓഫീസർ, പ്രോഗ്രാം ഓഫീസർ, മികച്ച ജില്ലാകളക്ടർ എന്നിവർക്കുള്ള അവാർഡുകളും വിതരണം ചെയ്തു.

സ്ത്രീധനത്തിനെതിരായുള്ള പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള പോർട്ടലും 'വിവാഹ പൂർവ കൗൺസലിംഗ്' പദ്ധതിയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ജെൻഡർ ഓഡിറ്റഡ് അങ്കണവാടി പാഠപുസ്തകമായ 'അങ്കണപ്പൂമഴ' മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. അട്ടപ്പാടിയിലെ 'പെൻട്രിക കൂട്ട' പദ്ധതിയുടെ പ്രഖ്യാപനം മന്ത്രി ആർ. ബിന്ദു നടത്തി. പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പദ്ധതിയായ 'ധീര' മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിച്ചു.