തിരുവനന്തപുരം : പൈപ്പിടാനെന്ന കാരണത്താൽ രണ്ടര വർഷമായി അടച്ചിരിക്കുന്ന റോഡ് നാളെ തുറന്നു നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്. സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ഈമാസം 25ന് മുമ്പ് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് വാട്ടർ അതോറിട്ടി സൂപ്രണ്ടിംഗ് എൻജിനിയർക്ക് നിർദ്ദേശം നൽകി. പേരൂർക്കട-നാലാഞ്ചിറ-കരിമ്പുംകോണം റോഡിൽ കരുമ്പുംകോണം ക്ഷേത്ര ജംഗ്ഷൻ മുതൽ കരിയം ജംഗ്ഷൻ വരെയുള്ള ഭാഗത്ത് 500മീറ്റർ സ്ഥലത്ത് പൈപ്പിടാൻ 2020 ഡിസംബറിലാണ് റോഡ് അടച്ചത്. അന്നുമുതൽ ഗതാഗതം മുടങ്ങി.
കൊവിഡും മഴയും കാരണമാണ് പൈപ്പിടൽ വൈകിയതെന്നാണ് വാട്ടർ അതോറിട്ടി സൂപ്രണ്ടിംഗ് എൻജിനിയർ കമ്മിഷനെ അറിയിച്ചത്. കരിമ്പുംകോണം മുടിപ്പുര ക്ഷേത്രം ട്രസ്റ്റ് വൈസ് പ്രസിഡന്റ് ശ്രീകണ്ഠൻനായർ സമർപ്പിച്ച പരാതിയിലാണ് നടപടി.