
തിരുവനന്തപുരം: എറണാകുളത്ത് പാർട്ടി സംസ്ഥാന സമ്മേളനം അംഗീകരിച്ച വികസന നയരേഖ മേയ്, ജൂൺ മാസങ്ങളിലായി പാർട്ടിയുടെ എല്ലാ കീഴ്ഘടകങ്ങളിലും ചർച്ച ചെയ്യാൻ സി.പി.എം.ഉപരി ഘടകങ്ങളിലെ അംഗങ്ങൾ പങ്കെടുത്താവും യോഗങ്ങൾ . ജില്ലാ കമ്മിറ്റി യോഗങ്ങളിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളും ഏരിയാ കമ്മിറ്റികളിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ലോക്കൽ കമ്മിറ്റികളിൽ ജില്ലാ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ചിൽ ഏരിയാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും.
എൽ.ഡി.എഫിലും സർക്കാരിലും പൊതുജനങ്ങളിലാകെയും വികസന നയരേഖ സംബന്ധിച്ച കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിനുള്ള ചർച്ചകൾ സംഘടിപ്പിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർട്ടി മുഖപത്രത്തിലെ ലേഖനത്തിൽ വ്യക്തമാക്കി. രേഖ എൽ.ഡി.എഫിലും സർക്കാരിലും പൊതുജനങ്ങളിലാകെയും ചർച്ച ചെയ്ത് വികസനത്തെ സംബന്ധിച്ച പൊതുബോധം രൂപീകരിക്കും. അതിന്റെ അടിസ്ഥാനത്തിൽ വികസന പരിപാടികൾ ആവിഷ്കരിക്കുമെന്ന് കോടിയേരി വ്യക്തമാക്കി.
സി.പി.എം നേതൃയോഗങ്ങൾ ഇന്ന്
തിരുവനന്തപുരം: എറണാകുളം സമ്മേളനത്തിൽ രൂപീകരിച്ച പുതിയ സംസ്ഥാന കമ്മിറ്റിയുടെയും സെക്രട്ടേറിയറ്റിന്റെയും ആദ്യയോഗം ഇന്ന് എ.കെ.ജി സെന്ററിൽ ചേരും. രാവിലെ ആദ്യം സെക്രട്ടേറിയറ്റ് യോഗം ചേർന്ന ശേഷമാകും സംസ്ഥാന കമ്മിറ്റി ചേരുക. കണ്ണൂർ പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയപ്രമേയത്തിന് സംസ്ഥാനത്ത് നിന്ന് കൊണ്ടുവരുന്ന ഭേദഗതിനിർദ്ദേശങ്ങൾ അംഗീകരിക്കുകയാണ് സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ മുഖ്യ അജൻഡ. ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളുടെ കാര്യം ചർച്ച ചെയ്തേക്കും.