munnaka

തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണ ആനുകൂല്യങ്ങൾ സംബന്ധിച്ച് ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ ചെയർമാനായ കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.

പട്ടികജാതി-വർഗ, പിന്നാക്കക്കാർ ഒഴിച്ചുള്ള വിഭാഗക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളുടെ സർവേ നടത്തി അവരുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ചാണ് കമ്മിഷൻ റിപ്പോർട്ട് തയാറാക്കിയത്. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ, ലാറ്റിൻ കത്തോലിക്കരും എസ്.ഐ.യു.സി വിഭാഗങ്ങളുമൊഴിച്ചുള്ള ക്രിസ്ത്യാനികൾ എന്നിവരും അവാന്തര വിഭാഗങ്ങളുമായി 164 വിഭാഗങ്ങളിൽപ്പെട്ട നാല് ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ളവർക്കാണ് ആനുകൂല്യം. വിദ്യാഭ്യാസം, ഉപജീവനം, വനമേഖലയിൽ താമസിക്കുന്നവർക്കുള്ള ഉപജീവനോപാധികൾ മുതലായവ സംബന്ധിച്ചാണ് വിശദമായ ശുപാർശകൾ കമ്മിഷൻ സമർപ്പിച്ചത്.

റിപ്പോർട്ട് ഇന്ന് മന്ത്രിസഭായോഗം പരിഗണിക്കും. വെള്ളിയാഴ്ച പുനരാരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ റിപ്പോർട്ടും അതിന്മേലുള്ള നടപടി റിപ്പോർട്ടും സഹിതം സർക്കാർ സമർപ്പിക്കും. നിയമസഭയിൽ സമർപ്പിക്കേണ്ടതായതിനാൽ ഇതിലെ ഉള്ളടക്കത്തിന്റെ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല.

മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെ കണ്ടെത്താൻ കമ്മിഷൻ അവലംബിച്ച മാർഗത്തിനെതിരെ എൻ.എസ്.എസ് നേതൃത്വം നേരത്തേ രംഗത്ത് വന്നിരുന്നു.

കമ്മിഷൻ ചെയർമാനും അംഗങ്ങളായ അഡ്വ. എം. മനോഹരൻ പിള്ള, എ.ജി. ഉണ്ണികൃഷ്ണൻ എന്നിവരും ചേർന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ചേംബറിലെത്തി റിപ്പോർട്ട് സമർപ്പിച്ചത്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനാവശ്യമായ സന്തുലിതവും സമഗ്രവും പ്രായോഗികവുമായ നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് കമ്മിഷൻ അറിയിച്ചു.