തിരുവനന്തപുരം: വലിയശാല കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. മലയിൻകീഴ് നിന്ന് കൊണ്ടുവന്ന വല്ലഭൻ എന്ന ആനയാണ് ഇടഞ്ഞത്. ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം. ഇടഞ്ഞ ആന പാപ്പാനെ ചവിട്ടുകയായിരുന്നു.

ആനയ്‌ക്ക് മദപ്പാടുണ്ടെന്നും വെറ്ററിനറി ഡോക്‌ടറെ എത്തിച്ച് പരിശോധിച്ചാൽ മാത്രമേ തങ്ങൾ സഹകരിക്കൂള്ളൂവെന്നും പാപ്പാന്മാർ തീരുമാനമെടുത്തതോടെ തർക്കമായി. ഇതോടെ അധികൃതർ ദേവസ്വം ബോർഡിനെ വിവരം അറിയിച്ചു. എന്നാൽ ഡോക്ടറെത്തിയത് വളരെ വൈകിയാണെന്ന് ക്ഷേത്ര ഉപദേശക സമിതിയംഗങ്ങൾ പരാതിപ്പെട്ടു. ആനയ്ക്ക് മദപ്പാടുണ്ടെന്നും എഴുന്നള്ളിക്കരുതെന്നും വെറ്ററിനറി ഡോക്ടർ ക്ഷേത്രം അധികൃതരെ അറിയിച്ചു.

എന്നാൽ ആനയെ കൊണ്ടുപോയാൽ പകരം ആനയെ എത്തിക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. വെറ്ററിനറി ഡോക്ടറെ തിരികെ പോകാനും നാട്ടുകാർ അനുവദിച്ചില്ല. പ്രതിഷേധം ശക്തമായതോടെ നാട്ടുകാർ ഉപദേശ സമിതി അംഗങ്ങളെയും ദേവസ്വം ബോർഡ് ജീവനക്കാരെയും തടഞ്ഞുവച്ചു. രാത്രി ഏഴോടെ പകരം ആനയെ എത്തിക്കാമെന്ന് തമ്പാനൂർ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ ദേവസ്വം ബോർഡ് അറിയിച്ചു. ആനയെത്തിയതോടെയാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു.

ഇന്ന് മുതലുള്ള ആവശ്യത്തിന് കൊല്ലത്ത് നിന്ന് പകരം ആനയെ എത്തിക്കാമെന്ന് ദേവസ്വം ബോർഡ് പൊലീസിന് ഉറപ്പുനൽകിതോടെയാണ് ഉപദേശക സമിതി അംഗങ്ങളും നാട്ടുകാരും പിരിഞ്ഞുപോയത്. മൂന്ന് ആനകളെ പങ്കെടുപ്പിച്ചാണ് കാന്തള്ളൂർ ക്ഷേത്രത്തിലെ ഉത്സവം നടത്തുന്നത്. ഇതിൽ ഒരു ആനയെ മറ്റൊരു ക്ഷേത്രത്തിന് അനുവദിച്ചതിനെ തുടർന്ന് ഭാരവാഹികളും ഡെപ്യൂട്ടി കമ്മിഷണറും തമ്മിൽ നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നു. ദേവസ്വത്തിൽ നിന്ന് ആനയെ ലഭിക്കാത്തതിനെ തുടർന്ന് 10 ദിവസത്തേയ്ക്ക് ഒന്നര ലക്ഷം രൂപ കൊടുത്താണ് ഭാരവാഹികൾ ആനയെ ഉത്സവത്തിനെത്തിച്ചത്.