life-mission

പാവപ്പെട്ടവർക്കു വീടു നിർമ്മിച്ചു നൽകുന്ന സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ ലഭിച്ച അപേക്ഷകൾ പരിശോധിച്ച് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാനുള്ള നടപടികൾ മുടങ്ങിക്കിടക്കുകയാണെന്ന വാർത്ത ഖേദകരമെന്നേ പറയാനാവൂ. അപേക്ഷകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥരെ കിട്ടാത്തതാണത്രേ കാലതാമസത്തിനു കാരണം. വേണ്ടതിലേറെ ഉദ്യോഗസ്ഥർ എല്ലാ വകുപ്പുകളിലും ഉണ്ടായിട്ടും ലൈഫ് അപേക്ഷകൾ മാത്രം മാസങ്ങളായി ഇങ്ങനെ കെട്ടിവച്ചിരിക്കുന്നത് പാവപ്പെട്ടവരുടെ കാര്യമായതുകൊണ്ടു തന്നെയാകും. അല്ലെങ്കിൽ എത്രയോ മുൻപേ ഇതിൽ തീരുമാനമുണ്ടാകുമായിരുന്നു. സ്വന്തമായി ഒരു തരി മണ്ണും കൂരയുമൊന്നുമില്ലാത്തവരാകുമല്ലോ സർക്കാരിന്റെ പാർപ്പിടപദ്ധതിക്കായി അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്നത്. ഓരോ വാർഡിലും നിന്നു ലഭിച്ച അപേക്ഷകളിൽ സൂക്ഷ്മപരിശോധന നടത്തി അർഹരെ കണ്ടെത്തുകയെന്നത് മലമറിക്കുന്ന ജോലിയൊന്നുമല്ല. കുറഞ്ഞ ദിവസങ്ങൾ കൊണ്ടു പൂർത്തിയാക്കാവുന്നതേയുള്ളൂ. പക്ഷേ കാര്യം നടക്കുന്നില്ലെന്നു മാത്രം. അർഹരുടെ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഇതിനകം നാലു മുഹൂർത്തങ്ങൾ കുറിച്ചു. ഓരോ തവണയും മാറ്റിപ്പറയേണ്ടിവന്നു. ഏറ്റവുമൊടുവിൽ പട്ടിക മാർച്ച് 15-നു പുറത്തിറങ്ങുമെന്നായിരുന്നു പ്രഖ്യാപനം. ഇപ്പോൾ കേൾക്കുന്നു ആ ദിവസവും പുറത്തുവരില്ലെന്ന്. സാമ്പത്തിക വർഷാവസാനമായതിനാൽ ഉദ്യോഗസ്ഥർക്കെല്ലാം തിരക്കുപിടിച്ച പണിയാണത്രേ. കൂരയില്ലാത്തവരുടെ അപേക്ഷ പരിശോധിക്കാൻ അവരുടെ 'വിലപ്പെട്ട സമയം" മാറ്റിവയ്ക്കാനാവില്ലെന്നാണ് വിശദീകരണം. നിർമ്മാണ മേഖല ഏതാണ്ടു പൂർണമായും ഇപ്പോൾ അന്യദേശ തൊഴിലാളികളുടെ സഹായം കൊണ്ടാണു മുന്നോട്ടുപോകുന്നത്. അതുപോലെ 'ലൈഫ്" അപേക്ഷകൾ പരിശോധിക്കാനും പുറത്തുനിന്ന് ആളുകൾ വേണ്ടിവരുമോ എന്നറിയില്ല. ഇപ്പോഴത്തെ പോക്കുകണ്ടിട്ട് അതു വേണ്ടിവരുമെന്നു തന്നെയാണ് തോന്നുന്നത്.

ലക്ഷക്കണക്കിന് ഉദ്യോഗസ്ഥർ പണിയെടുക്കുന്ന സംസ്ഥാനത്ത് പ്രസ്റ്റീജ് ആയി സർക്കാർ അവകാശപ്പെടുന്ന ഒരു പദ്ധതി ബ്യൂറോക്രസിയുടെ അവഗണന ഒന്നുകൊണ്ട് തീരുമാനമാകാതെ അഴകൊഴമ്പൻ മട്ടിൽ നീളുന്നത് വലിയ നാണക്കേടാണ്. വകുപ്പ് മേലദ്ധ്യക്ഷന്മാരെ വിളിച്ചുകൂട്ടി ഇത്ര ദിവസത്തിനകം അപേക്ഷകൾ പരിശോധിച്ചു തീരുമാനമെടുത്തിരിക്കണമെന്നു കല്പിക്കാൻ എന്തുകൊണ്ടാണ് സർക്കാർ മടിക്കുന്നത്? പതിനായിരക്കണക്കിനു പാവങ്ങളാണ് പ്രതീക്ഷകളുമായി കഴിയുന്നത്. അർഹരായവരെ നിശ്ചയിക്കുന്ന പട്ടിക പുറത്തിറങ്ങാൻ മാസങ്ങളായി അവർ കാത്തിരിക്കുകയാണ്.

വേണ്ടത്ര ഉദ്യോഗസ്ഥരില്ലെന്ന കാരണം പറഞ്ഞാണ് നടപടികൾ നീണ്ടുപോകുന്നതത്രേ. മാസങ്ങൾ കഴിഞ്ഞിട്ടും ഇതിനു പരിഹാരം കാണാൻ കഴിയാത്തത് എന്തുകൊണ്ടാണ്? പരിശോധന പൂർത്തിയാക്കിയ അപേക്ഷകളിൽ കളക്ടർമാരുടെ നേതൃത്വത്തിൽ അന്തിമ പരിശോധന നടത്താൻ തീരുമാനമെടുത്തിരുന്നു. അതിനുള്ള നടപടികളും ഇതുവരെ തുടങ്ങാനായിട്ടില്ല. കാരണമായി ചൂണ്ടിക്കാണിക്കുന്നത് മാർച്ച് മാസത്തിലെ ജോലി ബാഹുല്യമാണ്. മാർച്ചിനു മുമ്പുള്ള മാസങ്ങളിൽ ധാരാളം സമയമുണ്ടായിട്ടും അനങ്ങാതിരുന്നതിന് എന്തു ന്യായം പറയും. പ്രശ്നം അതൊന്നുമല്ല. സമീപനത്തിന്റേതാണ്. സർക്കാരിന്റെ ഏതു സൗജന്യ പദ്ധതിയോടുമുള്ള ഉദ്യോഗസ്ഥ മനോഭാവം ഇത്തരത്തിലാണ്. സൗജന്യമല്ലേ കാത്തിരിക്കുന്നതിൽ നഷ്ടമൊന്നുമില്ലല്ലോ എന്നാവും ചിന്ത. പാവങ്ങളുടെ കാര്യമാണ് വേഗം ചെയ്തുകൊടുക്കണമെന്നു വിചാരമുണ്ടായിരുന്നെങ്കിൽ അപേക്ഷകളിൽ അന്തിമ തീർപ്പ് ഇതിനു മുൻപേ ഉണ്ടാകുമായിരുന്നു. ഉദ്യോഗസ്ഥരെ ആ മനോഭാവത്തിലേക്കു നയിക്കാൻ സർക്കാരിനും കഴിയാത്തതാണ് 'ലൈഫി"നെ ജീവനില്ലാ പദ്ധതിയാക്കുന്നത്. ഉദ്യോഗസ്ഥരെ കണ്ടെത്തി 'ലൈഫ്" പട്ടിക പുറത്തുവരുമ്പോഴേക്കും ഒരു മഴക്കാലം കൂടി കടന്നുപോയിരിക്കും. അടച്ചുറപ്പുള്ള വീട് സ്വപ്നം കണ്ടുകഴിയുന്ന പതിനായിരക്കണക്കിനു കുടുംബങ്ങൾ ചെറ്റക്കുടിലുകളിൽത്തന്നെ കഴിയേണ്ടിവരും.