
നെടുമങ്ങാട് : ഓട്ടം ചമയ ഘോഷയാത്രയോടെ 350 - മത് നെടുമങ്ങാട് അമ്മൻകൊട കുത്തിയോട്ട മഹോത്സവത്തിന് പരിസമാപ്തി. അന്തർദേശീയ വനിതാ ദിനത്തിൽ അമ്മദൈവ സങ്കല്പം ഉദ്ഘോഷിച്ച് മുത്താരമ്മൻ,മുത്തുമാരിയമ്മൻ,മേലാങ്കോട് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു നടന്ന ചമയഘോഷയാത്രകൾ വേറിട്ട അനുഭവമായി.തമിഴ്നാട്ടിൽ നിന്ന് ഉൾപ്പെടെ നൂറു കണക്കിനാളുകൾ അമ്മ ദൈവങ്ങളുടെ എഴുന്നള്ളിപ്പിൽ പങ്കെടുക്കാനെത്തി.വ്യത്യസ്ത ആചാരാനുഷ്ഠാനങ്ങൾ ആയിരുന്നെങ്കിലും മൂന്നിടത്തും ഒരേസമയം എഴുന്നള്ളിപ്പ് നടന്നു. മന്ത്രി ജി.ആർ. അനിൽ മൂന്ന് ആരാധനാലയങ്ങളിലും എത്തി ഭക്തജനങ്ങൾക്ക് ആശംസകൾ നേർന്നു. ക്ഷേത്ര ഭരണസമിതി അംഗങ്ങൾ അദ്ദേഹത്തെ സ്വീകരിച്ചു.ഓട്ടം മഹോത്സവത്തോടനുബന്ധിച്ച് റവന്യൂ ടവർ മർച്ചൻസ് ആൻഡ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ കുത്തിയോട്ടത്തെ വരവേൽക്കാൻ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. റവന്യൂ ടവറിൽ കലാപരിപാടികൾ ഒരുക്കി. പ്രസിഡന്റ് പി.അനിൽകുമാർ, സെക്രട്ടറി വിഷ്ണു, ജനറൽ സെക്രട്ടറി ശ്യാം വി.ദാസ് എന്നിവർ നേതൃത്വം നൽകി.