
ബാലരാമപുരം: വർഷങ്ങളായി ശോച്യാവസ്ഥയിലായ ബാലരാമപുരം - കാട്ടാക്കട റോഡിലെ അപകടക്കുഴികൾ വാഹനയാത്രികർക്ക് വെല്ലുവിളിയാകുന്നു. കാട്ടാക്കട റോഡിൽ തണ്ണിക്കുഴി ജംഗ്ഷൻ, ചാനൽപ്പാലം ജംഗ്ഷൻ, എരുത്താവൂർ, നീറമൺകുഴി എന്നീ സ്ഥലങ്ങളിൽ റോഡിന് നടുവിൽ വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. മൂന്നുവർഷം മുമ്പ് 8.5 കോടി രൂപ അനുവദിച്ച് നിർമ്മാണം ആരംഭിച്ചെങ്കിലും കരാറുകാരന്റെ മരണത്തെ തുടർന്ന് റോഡിന്റെ തുടർന്നുള്ള ജോലികൾ അനിശ്ചിതത്വത്തിലാവുകയായിരുന്നു. പൊതുമരാമത്തിൽ നിന്ന് ദേശീയപാതാ അതോറിട്ടിയാണ് റോഡിന്റെ പുനരുദ്ധാരണം ഏറ്റെടുത്തിരിക്കുന്നത്. റീടെൻഡർ നടപടികൾ പൂർത്തിയായി വീണ്ടും നിർമ്മാണം പുനരാരംഭിച്ചെങ്കിലും ടാറിംഗ് ഇഴയുകയാണെന്നാണ് ആക്ഷേപം. നിലവിൽ കാട്ടാക്കട മുതൽ ഊരൂട്ടമ്പലം വരെ റോഡിന്റെ പുനരുദ്ധാരണം ആരംഭിച്ചതായാണ് ദേശീയപാതാ വിഭാഗം അറിയിച്ചിരിക്കുന്നത്. മൂന്നു റോഡുകൾ കൂടിച്ചേരുന്ന പ്രധാന ജംഗ്ഷനായ ചാനൽപ്പാലം ജംഗ്ഷനിൽ രൂപപ്പെട്ടിരിക്കുന്ന കുഴികൾ വാഹനയാത്രികരുടെ ജീവനുതന്നെ ഭീഷണിയാണ്. ഇവിടെ റോഡിന്റെ വീതിക്കുറവും അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്. താത്ക്കാലികമായി കുഴികളടയ്ക്കാനുള്ള സംവിധാനമൊരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. രണ്ടാഴ്ച്ചയ്ക്കുള്ളിൽ പൂർണ്ണമായി നിർമ്മാണം പൂർത്തീകരിക്കുമെന്നാണ് ദേശീയപാതാ വിഭാഗം അറിയിച്ചിരിക്കുന്നത്. നിലവിൽ ബാലരാമപുരം മുതൽ നീറമൺകുഴി, ഊരൂട്ടമ്പലം വരെ രണ്ടു കിലോമീറ്റർ പരിധിയിൽ റോഡ് നീളെ കുഴികളാണ്. നിർമ്മാണം വൈകിപ്പിക്കുന്ന കരാറുകാരനെതിരെയും പ്രതിഷേധമുയർന്നിരിക്കുകയാണ്.