ഓഹരി ലേലത്തിൽ കേരളത്തിന് പങ്കെടുക്കാനാവില്ല
പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പ്രതിഷേധം അറിയിക്കും
തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി ഓഹരികൾ വിൽക്കുന്ന ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് (ഹിന്ദുസ്ഥാൻ ലൈഫ് കെയർ) ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിന് കേന്ദ്രസർക്കാരിന്റെ വിലക്ക്. ഇതിൽ പ്രതിഷേധമറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതാൻ മുഖ്യമന്ത്രി പിണറായി വിജയനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.
ഓഹരി വില്പനയിൽ എച്ച്.എൽ.എൽ ലൈഫ് കെയറിനെ കേന്ദ്രം ഉൾപ്പെടുത്തിയപ്പോൾ അതേറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറായി. കേരളത്തിലെ എച്ച്.എൽ.എൽ സ്ഥാപനങ്ങളുടെ ഓഹരി ലേലത്തിൽ പങ്കെടുക്കാനും ആസ്തികൾ ഏറ്റെടുക്കാനും സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനെ (കെ.എസ്.ഐ.ഡി.സി ) ചുമതലപ്പെടുത്തി സർക്കാർ ഉത്തരവുമിറക്കി. എന്നാൽ കേന്ദ്രത്തിന്റെ ഓഹരി വില്പന നയമനുസരിച്ച് സംസ്ഥാന സർക്കാരുകൾക്കോ, സർക്കാരിന്റെ പൊതുമേഖലാ സംരംഭങ്ങൾക്കോ ഇത്തരം ടെൻഡർ നടപടികളിൽ പങ്കെടുക്കാനാവില്ലെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ വിശദീകരണം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കോ സർക്കാർ നിയന്ത്രിത കമ്പനികൾക്കോ, സൊസൈറ്റികൾക്കോ ഓഹരികൾ കൈമാറാനാവില്ല.ഇക്കാര്യം അറിയിച്ച് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ കത്ത് നൽകി.
കേന്ദ്രസർക്കാരിന്റെ ലേലത്തിൽ പങ്കെടുക്കാനും കമ്പനിയുടെ കേരളത്തിലെ ആസ്തികൾ ഏറ്റെടുക്കാനുമുള്ള നിയമപരമായ സാദ്ധ്യത പരിശോധിക്കുകയാണ് ഇനി കെ.എസ്.ഐ.ഡി.സിയുടെ മുമ്പിലെ മാർഗ്ഗം.
ന്യൂസ് പ്രിന്റ് ഫാക്ടറി:
കേരള മാതൃക
കേന്ദ്രസർക്കാരിന്റെ സ്വകാര്യവത്കരണത്തിന് തടയിട്ടും, കേന്ദ്ര ബാദ്ധ്യത തീർത്തും കേരളം അടുത്തിടെ ഏറ്റെടുത്തതാണ് വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറി. കമ്പനി ലോ ട്രൈബ്യൂണലിൽ സമർപ്പിച്ച പ്ലാൻ പ്രകാരം തൊഴിലാളികളുടെ ആനുകൂല്യം ഉൾപ്പെടെ 145.60 കോടിയുടെ ബാദ്ധ്യതയാണ് സംസ്ഥാന സർക്കാർ
തീർത്തത്. ഫാക്‌ടറിക്ക് 700 ഏക്കറും അസംസ്‌കൃതവസ്തുക്കളുടെ പരിപാലനത്തിന് 5000 ഏക്കർ പാട്ടഭൂമിയും സംസ്ഥാന സർക്കാർ 1974ൽ കേന്ദ്ര ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ പേപ്പർ കോർപ്പറേഷന് കൈമാറിയിരുന്നു. നഷ്ടം പറഞ്ഞ് സ്വകാര്യമേഖലയ്ക്ക് കൈമാറാനിരുന്ന ഈ ഭൂമി ഇടതു സർക്കാരിന്റെ ഇച്ഛാശക്തിയിൽ കേരളത്തിന് തിരികെക്കിട്ടി.
കേന്ദ്ര വാദം
ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറിയുടേത് ഓഹരി വില്പനയായിരുന്നില്ല. മറിച്ച് നഷ്ടത്തിലോടുന്ന ഫാക്ടറി വില്പനയ്ക്കായി കമ്പനികാര്യ വകുപ്പ് ലേലത്തിൽ വച്ചതാണ്. അങ്ങനെയാണ് സംസ്ഥാന സർക്കാരിന് അതേറ്റെടുക്കാനായത്.
'ലാറ്റക്‌സ് ഓഹരി വില്പനയിൽ കേരളം പങ്കെടുക്കും. ലേല വ്യവസ്ഥ പ്രകാരം സംസ്ഥാനങ്ങൾക്ക്
പങ്കെടുക്കാം'.
-- പി. രാജീവ്, വ്യവസായ മന്ത്രി
തുടങ്ങിയ കാലം മുതൽ ലാഭത്തിൽ
പി.എച്ച്. സനൽകുമാർ
തിരുവനന്തപുരം:തുടങ്ങിയ കാലം മുതൽ ലാഭത്തിൽ പ്രവർത്തിക്കുന്ന, കേരളത്തിന്റെ അഭിമാന സ്ഥാപനവും മിനിരത്ന കമ്പനിയുമാണ് ഹിന്ദുസ്ഥാൻ ലാറ്റക്സ്. ദേശീയ കുടുംബാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് 1967 ൽ 300കോടി രൂപ മുടക്കിയാണ് സ്ഥാപനം തുടങ്ങിയത്. 2009ൽ പേരു മാറ്റി എച്ച്.എൽ.എൽ. ലൈഫ് കെയർ എന്നാക്കി. തമിഴ്നാട്ടിലെ കാഞ്ചീവരം ജില്ലയിലെ ചെങ്കൽപേട്ടിൽ 430ഏക്കർ വാക്സിൻ കോംപ്ളക്സ് നിർമ്മിക്കാൻ തമിഴ്നാട് സർക്കാർ സൗജന്യമായി നൽകിയിരുന്നു. ഇത് ലേലത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേരള സർക്കാർ സൗജന്യമായി നൽകിയ 19 ഏക്കർ ഒഴിവാക്കിയിട്ടില്ല. ഇങ്ങനെയൊരു സ്ഥാപനം കൈവിട്ട് പോകുന്നത് തടയാനായിരുന്നു സംസ്ഥാനത്തിന്റെ ശ്രമം.കേന്ദ്രം വിൽക്കാൻ തീരുമാനിച്ചതോടെ, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷണൽ എക്സ്ചേഞ്ചിലും ഒാഹരികൾ ലിസ്റ്റ് ചെയ്യാതായി. അവസാനത്തെ ഒാഹരി വില 1189 രൂപ.