കല്ലമ്പലം: പാരിപ്പള്ളിയിൽവച്ച് കല്ലമ്പലം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഉൾപ്പെടെ നാലുപൊലീസുകാരെ കുത്തിപ്പരിക്കേല്പിച്ച നിരവധി കേസുകളിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ അനസ് ജാനിനെ (30) റിമാൻഡ് ചെയ്‌തു.

കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ എസ്. ജയൻ, സി.പി.ഒമാരായ ആയൂർ തേവന്നൂർ സ്വദേശി വി.വിനോദ്കുമാർ, എസ്.എൽ. ചന്തു, ശ്രീജിത്ത് എന്നിവർക്കാണ് പാരിപ്പള്ളി ജംഗ്ഷനിൽ ദേശീയപാതയിൽ വച്ച് കുത്തേറ്റത്. ചൊവ്വാഴ്ച വൈകിട്ട് 5.30ഓടെയാണ് സംഭവം. കല്ലമ്പലത്ത് 2018ൽ നടന്ന സ്‌ഫോടനക്കേസിൽ പ്രതിയായ അനസ് പാരിപ്പള്ളിയിലുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ്‌ പൊലീസ് എത്തിയത്. ജംഗ്ഷനിലെ ബാറിനു മുന്നിൽ നിന്ന അനസിനൊപ്പം മൂന്നുപേർ കൂടിയുണ്ടായിരുന്നു. ആദ്യം ശ്രീജിത്താണ് അടുത്തെത്തിയത്. സംശയം തോന്നിയ അനസ് ദേശീയപാത മറികടന്ന് കൊല്ലം ഭാഗത്തേക്ക് ഓടി. ശ്രീജിത്തും മറ്റു പൊലീസുകാരും പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് അനസ് സി.പി.ഒ വിനോദിനെ കുത്തിയത്. വയർ ലക്ഷ്യമാക്കിയുള്ള കുത്ത് തടയാൻ ശ്രമിച്ച ശ്രീജിത്തിനും കുത്തേറ്റു. മൽപ്പിടിത്തത്തിനിടെ തറയിൽ വീണ അനസ് മറ്റു പൊലീസുകാരെയും ആക്രമിക്കുകയായിരുന്നു.

പരിക്കേറ്റ ജയൻ,ചന്തു,ശ്രീജിത്ത് എന്നിവർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും വിനോദ് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സതേടി. വിനോദിനെ ഇന്നലെ ഡിസ്ചാർജ് ചെയ്‌തു. നിലവിൽ കല്ലമ്പലം പൊലീസ് സ്റ്റേഷനിലുള്ള കേസുകളിലാണ് പ്രതിയെ റിമാൻഡ് ചെയ്‌തത്. പൊലീസുകാരെ ആക്രമിച്ച് പരിക്കേല്പിച്ച സംഭവത്തിൽ പാരിപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. വർക്കല, അയിരൂർ സ്റ്റേഷനുകളിലും അനസിനെതിരെ കേസുണ്ട്.