
കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡായ മരുതിക്കുന്നിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടക്കുന്ന വോട്ടർ പട്ടിക പുതുക്കലിൽ വൻ ക്രമക്കേട് നടക്കുന്നതായി ആരോപിച്ച് ഇലക്ട്രൽ ഓഫീസറായ പഞ്ചായത്ത് സെക്രട്ടറിയെ കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. ഈ മാസം മൂന്നുവരെയാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാനും മറ്റും ഓൺലൈനായി അപേക്ഷിക്കാനും സമയം നൽകിയിരുന്നത്. 200ഓളം വ്യാജ വോട്ടർമാരെ പട്ടികയിൽ ചേർക്കാൻ സി.പി.എം ഓൺലൈൻ അപേക്ഷ നൽകിയിരിക്കുകയാണെന്നാണ് ആക്ഷേപം. വോട്ടർമാർ സെക്രട്ടറി മുമ്പാകെ നേരിട്ട് ഹാജരായി ഹിയറിംഗിൽ പങ്കെടുത്ത് പട്ടികയിൽ പേര് ചേർക്കാനാണ് നിയമം അനുശാസിക്കുന്നത്. എന്നാൽ നേരിട്ടെത്തി ഹിയറിംഗിൽ പങ്കെടുക്കുന്ന വോട്ടർമാരുടെ രേഖകൾ പരിശോധിച്ച ശേഷം അവരെ പട്ടികയിൽ ഉൾപ്പെടുത്തിയെന്നോ ഇല്ലെന്നോ പറയാതെ യാതൊരു രേഖകളും നൽകാതെ തിരിച്ചയയ്ക്കുകയായിരുന്നു പതിവ്. അപേക്ഷകരുടെയും സ്വീകരിക്കപ്പെട്ടവരുടെയും പേരുവിവരങ്ങൾ പഞ്ചായത്ത് നോട്ടീസ് ബോർഡിൽ അതത് ദിവസം പ്രസിദ്ധീകരിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശവും അവഗണിച്ചതായി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കുടവൂർ നിസാം പറഞ്ഞു. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ പട്ടികയിൽ പേര് വന്നില്ലെങ്കിൽ അപേക്ഷകർക്ക് മറ്റ് നിയമ നടപടികൾക്ക് പോകാൻപറ്റാത്ത സ്ഥിതി സെക്രട്ടറി സംജാതമാക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. ഉപരോധത്തിന് ഡി.സി.സി ജനറൽ സെക്രട്ടറി ഇ. റിഹാസ്, ബ്ലോക്ക് പ്രസിഡന്റ് എം.എം. താഹ, മണ്ഡലം പ്രസിഡന്റുമാരായ കുടവൂർ നിസാം, ഗോപാലകൃഷ്ണൻ നായർ, പഞ്ചായത്തംഗങ്ങളായ എം. മണിലാൽ, എൻ. സുഗന്ധി നഹാസ്, റഫീക്കബീവി, സീമ ജി.ആർ, റീന ഫസൽ, ലിസി, ബ്ലോക്ക് പഞ്ചായത്തംഗം എ.ജെ. ജിഹാദ്, മുല്ലനല്ലൂർ മണി, ആസിഫ് കടയിൽ, ഗോപിനാഥക്കുറുപ്പ്, മുഹമ്മദ് കുഞ്ഞ് തുടങ്ങിയവർ നേതൃത്വം നൽകി. വോട്ടർ പട്ടിക പുതുക്കുന്ന നടപടികൾ അതത് ദിവസം പ്രസിദ്ധീകരിക്കാമെന്ന സെക്രട്ടറിയുടെ ഉറപ്പിന്മേലാണ് ഉപരോധം അവസാനിപ്പിച്ചത്.