വർക്കല: ഇരുനില വീടിനു തീപിടിച്ച് കൈക്കുഞ്ഞുൾപ്പെടെ അഞ്ചുപേരുടെ ജീവൻ പൊലിഞ്ഞ സംഭവത്തിൽ സംശയാസ്‌പദമായി ഒന്നുമില്ലെങ്കിലും തീപിടിത്തതിന്റെ തുടക്കവും കാരണവും കൃത്യമായി നിർണയിക്കാൻ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും ഫോറൻസിക് വിഭാഗവും പരിശോധന ശക്തമാക്കി.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്താണ് പഴുതടച്ച അന്വേഷണം നടത്തുന്നത്. തിരുവനന്തപുരം ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിലെ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ദീപ്‌തിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച നടന്ന പരിശോധനകൾക്ക് പുറമേ ഇന്നലെ ചീഫ് എൻജിനിയർ റഫിയുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘവും രാഹുൽ നിവാസിൽ പരിശോധനയ്ക്കെത്തി.
ഹാളിനുള്ളിലെ ടി.വിയുടെ സ്വിച്ച് ബോർഡ് സോക്കറ്റാകാം തീപിടിത്തത്തിന്റെ ഉത്ഭവകേന്ദ്രമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കാർപോർച്ചിലുണ്ടായിരുന്ന മൂന്ന് ഇരുചക്രവാഹനങ്ങൾ കത്തിയമർന്ന സാഹചര്യത്തിൽ പോർച്ചിലെ വയറിംഗുകളും സ്വിച്ച് ബോർഡും ചീഫ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. ഹാളിൽ നിന്നാണ് തീപിടിത്തമെന്ന് കഴിഞ്ഞദിവസം ഫയർഫോഴ്സ് വെളിപ്പെടുത്തിയെങ്കിലും സി.സി ടിവി ദൃശ്യങ്ങളും സംഭവം കണ്ടവരുടെ മൊഴികളും മറ്റും പരിശോധിച്ചാൽ മാത്രമേ ഇക്കാര്യം ഉറപ്പിക്കാനാകൂവെന്ന് ചീഫ് എൻജിനിയർ റഫിയുദ്ദീൻ പറഞ്ഞു.
കെട്ടിടത്തിന്റെയും വയറിംഗിന്റെയും കാലപ്പഴക്കം, എ.സി ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ പരിശോധന തുടങ്ങിയ കാര്യങ്ങൾ വരും ദിവസങ്ങളിലും നടത്തേണ്ടതുണ്ട്. പരിശോധനകൾക്ക് ശേഷം കൃത്യമായ കാരണം വെളിപ്പെടുത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നുള്ള ഫോറൻസിക് വിഭാഗവും ഇന്നലെ രാഹുൽ നിവാസിലെത്തി. മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലങ്ങൾ തിരിച്ചറിഞ്ഞ സംഘം മുറികളിലും മൃതദേഹങ്ങളിലുണ്ടായിരുന്ന വസ്ത്രങ്ങളിൽ നിന്ന് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ശാസ്ത്രീയ പരിശോധനയിൽ നിന്ന് കൂടുതൽ കാര്യങ്ങൾ കണ്ടെത്താനാണ് ശ്രമം.
ആശ്വാസവാക്കുമായി നാട്ടുകാർ
പച്ചക്കറി മൊത്ത വ്യാപാരി പ്രതാപനും കുടുംബത്തിനുണ്ടായ ദുരന്തമറിഞ്ഞ് മൂത്തമകൻ രാഹുലിനെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാൻ അയന്തി പന്തുവിളയിലെ വീട്ടിലേക്ക് ഇന്നലെയും നിരവധിപേരെത്തി. പച്ചക്കറി വ്യാപാര രംഗത്തും മറ്റ് മേഖലകളിലും പ്രതാപനുമായും കുടുംബവുമായും അടുപ്പമുള്ളവരാണ് ദുരന്തവാർത്തയറിഞ്ഞ് ഇന്നലെ വീട്ടിലെത്തിയത്.
അടൂർ പ്രകാശ് എം.പി, ഡി.സി.സി അദ്ധ്യക്ഷൻ പാലോട് രവി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ, സമിതി പുത്തൻചന്ത യൂണിറ്റ് സെക്രട്ടറി അനിൽകുമാർ, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവരും വീട്ടിലെത്തിയിരുന്നു.