വെള്ളറട: വന്യമൃഗങ്ങൾ കാട് വിട്ട് നാട്ടിലേക്കിറങ്ങിയതോടെ മലയോരക്കർഷകരുടെ അന്നം മുട്ടുന്ന അവസ്ഥയാണ്. കാട്ടുപന്നികളും കുരങ്ങന്മാരും പോത്തും ഇങ്ങനെ കാട്ട് മൃഗങ്ങളെല്ലാം ഇപ്പോൾ നാട്ടിലേക്കാണെത്തുന്നത്. കർഷകരുടെ അത്യദ്ധ്വാനം വെറുതെയാകുന്ന അവസ്ഥയാണുള്ളത്. വിളയിറക്കുന്ന കർഷകന് കൃഷിസ്ഥലം ആനകയറിയ കരിമ്പിൻപാടം പോലെ കാണാനാണ് വിധി. അത്തരത്തിലാണ് കാട്ടുമൃഗങ്ങൾ കായ്കനികൾ നശിപ്പിക്കുന്നത്. മരച്ചീനിയും വാഴയും ചേനയും ചേമ്പും മുതൽ പച്ചക്കറികൾ വരെ പന്നികൾ അകത്താക്കും ഭക്ഷിക്കാത്തവ കുത്തിമറിച്ചിടും. തേങ്ങ,ചക്ക വാഴക്കുല തുടങ്ങിയവ കുരങ്ങന്മാരും, കർഷകന് കടം മാത്രം മിച്ചം.
വന്യമൃഗങ്ങളുടെ ആക്രമണം ആരംഭിച്ചതോടെ ഹെക്ടർകണക്ക് സ്ഥലങ്ങളാണ് കൃഷിയിറക്കാനാകാതെ ഇട്ടിരിക്കുന്നത്. മരച്ചീനി, വാഴ, ചേമ്പ്, ചേന തുടങ്ങിയവ ഒന്നുംതന്നെ കൃഷിചെയ്യാൻ കഴിയുന്നില്ല. കാട്ടിൽ നിന്നും കൂട്ടമായി എത്തുന്ന കാട്ടുപന്നികളും വാനരപ്പടയും മുഴുവൻ കൃഷിയും നശിപ്പിക്കുകയാണ് പതിവ്. മാവും പുളിയും പ്ളാവും കായ്ച്ചുതുടങ്ങിയതോടുകൂടി വാനരൻമാർ വ്യാപകമായി എത്തിത്തുടങ്ങി. അവയ്ക്ക് വേണ്ടെങ്കിലും അടിച്ചും തൊഴിച്ചും കളയുന്നതാണ് രീതി.കാട്ടുപന്നിയാകട്ടെ കുലയ്ക്കാറായ വാഴകൾ കുത്തിമറിച്ച് ഇട്ടശേഷം സ്ഥലംവിടും.
കർഷകരുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുട്ടാത്ത വാതിലുകളില്ല.
ഭക്ഷ്യധാന്യങ്ങളൊന്നും കൃഷിചെയ്യാൻ കഴിയാതായിട്ട് വർഷങ്ങൾ പലതുകഴിഞ്ഞു. നിവേദനങ്ങൾ നിരവധി നൽകി. തിരഞ്ഞെടുപ്പിൽമാത്രം കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരവുമായി രാഷ്ട്രീയപ്പാർട്ടികൾ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായെത്തും. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കർഷകരുടെ കാര്യം എല്ലാപേരും മറക്കുകയാണ് പതിവെന്ന് മലയോര കർഷകർ പറയുന്നു.
നാളികേരത്തിന് മാർക്കറ്റിൽ നല്ല വിലയുണ്ടെങ്കിലും മലയോരത്തെ കർഷകൻ അന്യദേശങ്ങളിൽ നിന്നും എത്തുന്ന നാളികേരത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ്. തെങ്ങുകളുടെ മണ്ടയിൽ വെള്ളയ്ക്ക ആകുമ്പോൾത്തന്നെ മുഴുവനും വാനരൻമാർ താഴെയിറക്കും. തേങ്ങയായാൽ മാത്രമല്ലേ അവ മാർക്കറ്റിലെത്തിക്കാനാകൂ. വാനരന്മാർ അതിനുള്ള അവസരം കർഷകർക്ക് കൊടുക്കുന്നില്ല എന്നതാണ് വാസ്തവം. വന്യജീവികളെ തടയുന്നതിനുള്ള മാർഗങ്ങൾ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിൽ മലയോരത്ത് ഇനി കൃഷിഭൂമി കാണില്ല.
മൃഗങ്ങളെ അകറ്രാം
1......ചീഞ്ഞ മത്സ്യം, ഉണക്ക മത്സ്യം, ചീഞ്ഞ മുട്ട, പൊട്ടിയ മുട്ട, മുട്ടത്തോട്, വിരിയാത്ത മുട്ടകൾ എന്നിവയെല്ലാം ചേർന്നുള്ള അവശിഷ്ടം വനാതിർത്തിയിൽ വിതറുക
മാൻ, കുരങ്ങ് എന്നീ ജീവികൾ കൃഷിയിടത്തിലേക്ക് വരില്ല.
2.....പതുക്കെ കാറ്റിലാടുന്ന വിളക്ക് കൊളുത്തിയിടുകയാണെങ്കിൽ കാട്ടുപന്നിയെയും ഉപയോഗശൂന്യമായ സി.ഡികൾ കെട്ടിത്തൂക്കിയാൽ പ്രാവുകളെയും തുരത്താം
3.....പച്ചക്കറിക്കൃഷി ചെയ്യുമ്പോൾ ചുറ്റിനും ഇഴയകലമുള്ള പ്ലാസ്റ്റിക് അല്ലെങ്കിൽ നൈലോൺ വല കെട്ടിയാൽ കുരങ്ങുകളെ തടയാം.
4...വനത്തിനോടു ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ തേനീച്ചക്കൃഷി നടത്തിയാൽ ആന വരില്ല.