വർക്കല: തീപിടിത്ത ദുരന്തത്തിൽ 50 ശതമാനം പൊള്ളലോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന നിഹുൽ മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയതായി ബന്ധുക്കൾ അറിയിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വാസോച്ഛ്വാസം നടത്തുന്നതെങ്കിലും കഴിഞ്ഞ ദിവസത്തെക്കാൾ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചത്.
തനിയെ ശ്വാസോച്ഛ്വാസം നടത്താൻ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കിയ ഡോക്ടർമാരുടെ സംഘം നിഹുലിന് ബോധം വീണ്ടുകിട്ടുംവരെ വെന്റിലേറ്റർ സഹായം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. പൊള്ളലിന് പുറമേ വിഷവാതകം ശ്വസിക്കുകയും ചെയ്‌തതാണ് നിഹുലിന്റെ ആരോഗ്യനില ഗുരുതരമാക്കിയത്.
രക്ഷാപ്രവർത്തനത്തിനിടെ ഫയർഫോഴ്സ് പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുമ്പോൾ ഓർമ്മയുണ്ടായിരുന്ന നിഹുൽ ഭാര്യയും കുഞ്ഞും മുറിക്കുള്ളിലാണെന്ന് ഉദ്യോഗസ്ഥരെ ഓർമ്മിപ്പിച്ചെങ്കിലും വിഷവാതകം ഉള്ളിൽ ചെന്നതിനെ തുടർന്ന് പിന്നീട് അബോധാവസ്ഥയിലാകുകയായിരുന്നു. ഭാര്യ അഭിരാമിയുടെയും മകൻ റയാന്റെയും വേർപാട് എങ്ങനെ അറിയിക്കുമെന്നറിയാതെ വിഷമിക്കുകയാണ് ബന്ധുക്കൾ.