 പ്രധാന രേഖകൾ ഹാജരാക്കാൻ പൊലീസിന് സാധിച്ചില്ല

തിരുവനന്തപുരം: പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വെട്ടിയെടുത്ത കാൽ ബെെക്കിൽ സഞ്ചരിച്ചശേഷം റോഡിൽ വലിച്ചെറിഞ്ഞ കേസിൽ പൊലീസ് 11 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. പോത്തൻകോട് ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ സുധീഷിനെ കഴിഞ്ഞ ഡിസംബറിലാണ് കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷിന്റെ നേതൃത്വത്തിൽ വെട്ടിക്കൊലപ്പെടുത്തിയത്.

എന്നാൽ കോളിളക്കം സൃഷ്‌ടിച്ച കേസിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഗുരുതരമായ വീഴ്‌ചകളാണുള്ളത്. പ്രതികൾ കൊലപാതകത്തിനുശേഷം തെളിവ് നശിപ്പിച്ചതിനെ സംബന്ധിച്ചുള്ള നിർണായക രേഖ കുറ്റപത്രത്തോടൊപ്പമില്ല. കൊലചെയ്യാൻ പ്രതികളെത്തിയ വാഹനങ്ങളെപ്പറ്റിയുള്ള ആധികാരിക രേഖകൾ ഹാജരാക്കുന്നതിലും പൊലീസ് പരാജയപ്പെട്ടു. അപൂർണമായ കുറ്റപത്രം കോടതി മടക്കി നൽകാനുള്ള സാദ്ധ്യതയും നിലവിലുണ്ട്.

കൊലപാതകം നടന്ന് 90 ദിവസം തികയുന്നതിന് മുമ്പാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. പട്ടികജാതി - പട്ടികവർഗ പീഡന നിരോധന നിയമംകൂടി പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളതിനാൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് നെടുമങ്ങാട് ഡിവെെ.എസ്.പി എം.കെ. സുൾഫിക്കർ കുറ്റപത്രം സമർപ്പിച്ചത്.