
തിരുവനന്തപുരം: കേന്ദ്രസർക്കാർ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 12,131 കോടിയുടെ വൈദ്യുതി നവീകരണ പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. ഇത് കേന്ദ്രം അംഗീകരിക്കണം. .
സംസ്ഥാനത്തെ വൈദ്യുതിവിതരണ ശൃംഖല ശക്തമാക്കുക, 2025ഓടെ ഉപഭോക്താക്കൾക്കെല്ലാം പ്രീ പെയ്ഡ് സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുക എന്നിവയടക്കമുള്ള പദ്ധതികളാണ് അംഗീകരിച്ചത്. ഇതിലൂടെ അഞ്ച് വർഷം കൊണ്ട് കെ.എസ്.ഇ.ബിയുടെ സാങ്കേതികവും വാണിജ്യപരവുമായ നഷ്ടം ഇപ്പോഴത്തെ 14.47 ശതമാനത്തിൽ നിന്ന് 10.5 ശതമാനമായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.
സർക്കാർ സ്ഥാപനങ്ങളിലുൾപ്പെടെ പ്രീപെയ്ഡ് മീറ്റർ വരുന്നതോടെ വൈദ്യുതി ചാർജ് കുടിശ്ശിക പ്രശ്നം ഇല്ലാതാകുമെന്നാണ് കണക്കുകൂട്ടൽ..നഷ്ടം കുറയ്ക്കുന്നതിനായി 1973 കോടിയുടെയും ആധുനികവത്കരണത്തിനും വിതരണശൃംഖല ശക്തിപ്പെടുത്തുന്നതിനുമായി 1908 കോടിയുടെയും പദ്ധതിയാണ് സമർപ്പിച്ചത്. മീറ്ററുകളും ഫീഡർ, ട്രാൻസ്ഫോമർ, ബോർഡർ മീറ്ററുകളും സ്മാർട്ട് മീറ്ററായി മാറ്റാൻ 8200
കോടിയുടെ പദ്ധതിയാണ് നിർദ്ദേശിച്ചിരിക്കുന്നത്.