
പാറശാല: അന്താരാഷ്ട്ര വനിതാദിനത്തിൽ സ്‌കൂളിന്റെ ചുമതലകൾ ഏറ്റെടുത്ത് മാതൃകയായി വിദ്യാർത്ഥിനികൾ. ആറയൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനികളാണ് വനിതാ ദിനത്തിൽ പ്യൂൺ മുതൽ പ്രിൻസിപ്പൽ വരെയുള്ളവരുടെ ചുമതലകൾ ഏറ്റെടുത്ത് നടത്തിയത്. രാവിലെ സ്‌കൂളിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷങ്ങളുടെ ഉദ്‌ഘാടനം പ്രിൻസിപ്പലിന്റെ താത്കാലിക ചുമതല വഹിച്ച പ്ലസ് ടു വിദ്യാർത്ഥി സ്നേഹ നിർവഹിച്ചു. രാവിലെ 9ന് നടന്ന അസംബ്ലിയോടെയാണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. ആദിത്യ എസ്.വൈ. നയിച്ച അസംബ്ലിയിൽ ശ്രീബി എസ്. കുമാർ, സ്നേഹ ജെ.എസ്, ആര്യ ഡി.എസ്, അനിത, അഭയ എന്നിവർ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് ഗാനം ആലപിക്കുകയും സ്ത്രീ ശാക്തീകരണ സന്ദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികളായ കൃഷ്ണാഞ്ജന ആർ. നായർ, ദേവി വൈഷ്ണവി, അനിത എ.കെ, ഐശ്വര്യ എസ്.എ എന്നിവർ വിവിധ ക്ലാസുകളിൽ മറ്റ് വിദ്യാർത്ഥികൾക്കായി ക്ലാസുകളെടുത്തു. രാവിലെ 9 മുതൽ വൈകിട്ട് 4.30 വരെയാണ് വിദ്യാർത്ഥികൾ സ്കൂളിനെ നയിച്ചത്.