1

തിരുവനന്തപുരം: പ്രമേഹ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വൃക്കകൾ തകരാറിലായ പ്രവാസിയും ആറ്റിങ്ങൽ സ്വദേശിയുമായ മുഹമ്മദ് റാഫിയുടെ (54) വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയിലും വിജയം കണ്ട് പട്ടം എസ്.യു.ടി ആശുപത്രി. റാഫി ചികിത്സയ്ക്കായി പല സ്വകാര്യ ആശുപത്രികളെ സമീപിച്ചെങ്കിലും അദ്ദേഹത്തിന്റെ രക്തക്കുഴലിൽ കാത്സ്യം ക്രമാതീതമായി അടിഞ്ഞു കൂടിയതിനാൽ വൃക്ക മാറ്റിവയ്ക്കൽ സാദ്ധ്യമല്ലെന്നാണ് പറഞ്ഞത്. തുടർന്ന് എസ്.യു.ടിയിൽ ചികിത്സ തേടുകയായിരുന്നു. അവിടത്തെ കാർഡിയോ വാസ്‌കുലർ സർജനായ ഡോ. യോഗനാഥൻ നമ്പൂതിരിയുമായി ഇതേപ്പറ്റി ചർച്ച നടത്തി. ശസ്ത്രക്രിയയിലെ സങ്കീർണ്ണതകൾ പൂർണമായും ഉൾക്കൊണ്ട് മുന്നോട്ടുപോകാൻ രോഗി തയ്യാറാണെങ്കിൽ ശസ്ത്രക്രിയ ചെയ്യാമെന്ന് അദ്ദേഹം സമ്മതിച്ചു. എസ്.യു.ടി ആശുപത്രിയിലെ നെഫ്രോളജിസ്റ്റുകളായ ഡോ. വിഷ്ണു ആർ.എസ്, ഡോ. നിഷി മാത്യു, യൂറോളജിസ്റ്റുകളായ ഡോ. ശിവരാമകൃഷ്ണൻ, ഡോ. നന്ദഗോപാൽ, അനസ്‌തേഷ്യ വിഭാഗം ഡോക്ടർമാരും ഉൾപ്പെടുന്ന ട്രാൻസ്‌പ്ലാന്റ് സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. നൂതന സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ വളരെ സൂക്ഷ്മമായി തന്നെ കാർഡിയോ വാസ്‌ക്കുലർ സർജൻ വൃക്ക വച്ചുപിടിപ്പിച്ചു. പിന്നീട് രോഗിയുടെ വൃക്കയുടെ പ്രവർത്തനം വേഗത്തിൽ മെച്ചപ്പെടുകയും ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാമത്തെ ദിവസം തന്നെ വൃക്കയുടെ പ്രവർത്തനം സാധാരണ ഗതിയിലാവുകയും ചെയ്തു. ഏഴാം ദിവസം റാഫി ആശുപത്രി വിട്ടു. ഇപ്പോൾ അദ്ദേഹം ആരോഗ്യവാനാണ്. ശസ്ത്രക്രിയയ്ക്കു മുമ്പ് രോഗിയുടെ ഹൃദയത്തിന്റെ പമ്പിംഗ് 30 ശതമാനം ആയിരുന്നു. വൃക്കകളുടെ തകരാർ മൂലം ഉണ്ടാകുന്ന യുറീമിക് കാർഡിയോമയോപ്പതി എന്ന അവസ്ഥയായിരുന്നു ഇത്. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞ് ഒരു മാസത്തിനു ശേഷം ഹൃദയത്തിന്റെ പ്രവർത്തനം പരിശോധിച്ചപ്പോൾ 30 ശതമാനത്തിൽ നിന്ന് 70 ശതമാനമായി മെച്ചപ്പെട്ടു. ആശുപത്രിയുടെ മുപ്പത്തിയാറാമത്തെ വിജയകരമായ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് മുഹമ്മദ് റാഫിയുടേത്‌.