തിരുവനന്തപുരം: വി.കെ. പ്രശാന്ത് എം.എൽ.എ നേതൃത്വം നൽകുന്ന സംഘടനയ്ക്ക് കോർപ്പറേഷന്റെ കടമുറി അനുവദിച്ചതിനെ ചൊല്ലി കൗൺസിൽ യോഗത്തിൽ ഭരണ - പ്രതിപക്ഷ പോര്. വട്ടിയൂർക്കാവ് സോണൽ ഓഫീസിലെ രണ്ടാം നമ്പർ കടമുറിയുടെ പേരിലായിരുന്നു തർക്കം. വാർഡ് ഓഫീസിനായി ഈ മുറി ആവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർ നന്ദ ഭാർഗവ് നൽകിയ അപേക്ഷ പരിഗണിക്കാതെ സി.പി.എം അനുകൂല ചാരിറ്റി സംഘടനയായ വൈബിന് മുറി നൽകാനുള്ള അജൻഡയെ ബി.ജെ.പി അംഗങ്ങൾ ചോദ്യംചെയ്തു. സന്നദ്ധ പ്രവർത്തനങ്ങളിലൂടെ ജനങ്ങൾക്കിടയിൽ സ്വീകാര്യത നേടിയ സംഘടനയെ ഒഴിപ്പിക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യമാണ് ബി.ജെ.പിക്കെന്ന് സി.പി.എം തിരിച്ചടിച്ചു. നഗരത്തെ അടുത്ത 10 വർഷത്തിനുള്ളിൽ സമാധാനത്തിന്റെ നഗരമാക്കി രൂപപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാൻ നഗരസഭ തീരുമാനിച്ചു. കിലെയുടെ നിർദ്ദേശപ്രകാരമാണിത്. പ്രധാന നഗരങ്ങൾ അവിടത്തെ സവിശേഷതകളുടെ അടിസ്ഥാനത്തിൽ അറിയപ്പെടുന്നതുപോലെ നഗരത്തെ സമാധാന നഗരമായി ലേബൽ ചെയ്യാനാണ് തീരുമാനം. അതേസമയം ഗുണ്ടാ ആക്രമണങ്ങൾ തുടർക്കഥയായ നഗരത്തെ സമാധാനത്തിന്റെ നഗരമാക്കുമെന്നത് യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് ബി.ജെ.പി, കോൺഗ്രസ് അംഗങ്ങൾ പരിഹസിച്ചു. തനതായ പൈതൃകമുള്ള അനന്തപുരിയെ ചിത്രപൈതൃക നഗരമാക്കി ലേബൽ ചെയ്യണമെന്നായിരുന്നു ബി.ജെ.പി അംഗം തിരുമല അനിലിന്റെ ആവശ്യം. തിരുവനന്തപുരം കോർപ്പറേഷന്റെ വാർഷിക ഭരണ റിപ്പോർട്ടിലെ കണക്കുകളിൽ പിഴവുണ്ടായതിനെ ചൊല്ലിയും കൗൺസിലിൽ തർക്കമുണ്ടായി. മുൻ റിപ്പോർട്ടിലെ തുകകൾ ആവർത്തിച്ചു വന്നതടക്കം ഒട്ടേറെ തെറ്റുകൾ ബി.ജെ.പി, യു.ഡി.എഫ് കൗൺസിലർമാർ ചൂണ്ടിക്കാട്ടി.