ശ്രീകാര്യം : ശ്രീകാര്യത്തെ നിർദ്ദിഷ്ട മേൽപ്പാല നിർമ്മാണത്തിന്റെയും റോഡ് വികസനത്തിന്റെയും ഭാഗമായി സർക്കാർ സ്ഥലം ഏറ്റെടുക്കുമ്പോൾ നഷ്ടമാകുന്ന ശ്രീകാര്യം ജംഗ്‌ഷനിലെ ശ്രീനാരായണ ഗുരുദേവ മന്ദിരം ശ്രീകാര്യം ജംഗ്‌ഷനിൽ തന്നെ ഉചിതമായ സ്ഥലത്ത് പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് ചെമ്പഴന്തി ഗുരുകുലം യൂണിയൻ പ്രമേയത്തിലൂടെ സർക്കാരിനോടാവശ്യപ്പെട്ടു. ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചപ്പോൾത്തന്നെ ശാഖാ കമ്മിറ്റി നേരിട്ടും നിവേദനങ്ങളിലൂടെയും ഗുരുമന്ദിരത്തിന് ഉചിതമായ സ്ഥലം കണ്ടെത്തി പുനസ്ഥാപിച്ചു തരണമെന്ന് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. ചെമ്പഴന്തി ഗുരുകുലം യൂണിയനിൽ ഉൾപ്പെടുന്ന ശ്രീകാര്യം ശാഖയുടെ ഗുരുദേവ മന്ദിരമാണ് സ്ഥലമേറ്റെടുക്കലിന്റെ ഭാഗമായി നഷ്ടമാകുന്നത്. ഗുരുമന്ദിരം പുനഃസ്ഥാപിച്ച് കിട്ടുന്നതിനായുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് ഗുരുകുലം യൂണിയനിലെ മറ്റ് ശാഖകളുടെ സഹകരണത്തോടെ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും യൂണിയൻ കൗൺസിൽ തീരുമാനിച്ചു.