photo

നെടുമങ്ങാട് : ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ 19,000 കുടിവെള്ള കണക്ഷനുകൾക്ക് 90 കോടി രൂപ നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ. നെടുമൺ വാർഡിലെ മാഞ്ഞാംകോട് കോളനിയിൽ കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി ജി.ആർ അനിൽ അദ്ധ്യക്ഷത വഹിച്ചു. മാഞ്ഞാംകോട് കോളനിയിൽ പട്ടികജാതി വികസന വകുപ്പിന്റെ കോർപ്പസ് ഫണ്ടിൽപ്പെടുത്തി 48.2 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതിയാണ് യാഥാർത്ഥ്യമാക്കുന്നത്. പദ്ധതി നിലവിൽ വരുന്നതോടെ പ്രദേശത്തെ 147ൽപരം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കരകുളം പഞ്ചായത്തിലെ കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിന് ഈസ്റ്റ്,സെൻട്രൽ,വെസ്റ്റ് എന്നീ സോണുകളായി തിരിച്ച് മൂന്ന് ‍ജലസംഭരണികളിൽ നിന്ന് കുടി വെള്ളമെത്തിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നു മന്ത്രി അറിയിച്ചു.പദ്ധതി പൂർത്തിയാക്കുന്നതോടെ പ്രദേശത്തെ കുടിവെള്ള വിതരണ സമയം ദീർഘിപ്പിക്കാനും കുടിവെള്ളക്ഷാമം പരിഹരിക്കാനും കഴിയുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. ഈ പദ്ധതിക്കായി മുൻകൈയെടുത്ത മന്ത്രി ജി.ആർ. അനിലിന് വൻസ്വീകരണമാണ് പ്രദേശവാസികൾ നൽകിയത്.യോഗത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അമ്പിളി,കരകുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലേഖ റാണി എന്നിവർ പങ്കെടുത്തു.