ffff

തിരുവനന്തപുരം: ഹയർ സെക്കൻഡറി ഗസ്റ്റ് അദ്ധ്യാപക നിയമനം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ സർക്കുലറിൽ തെറ്റുകളും പൊരുത്തക്കേടുകളും. പുതിയ ഉത്തരവ് പ്രകാരം ഹയർ സെക്കൻഡറി ജൂനിയർ (8 മുതൽ 14 പീരിയഡ് വരെ ) ഗസ്റ്റ് അദ്ധ്യാപകൻ ആഴ്ചയിൽ 5 ദിവസം ക്ലാസെടുക്കണം എന്ന് നിർദ്ദേശിക്കുമ്പോൾ ഹയർ സെക്കൻഡറി സീനിയർ ഗസ്റ്റ് അദ്ധ്യാപകൻ (16 മുതൽ 20 പീരിയഡ് വരെ ) 4 ദിവസം മാത്രം ക്ലാസെടുത്താൽ മതിയെന്ന് നിർദ്ദേശിക്കുന്നു. അതായത് ജൂനിയർ അദ്ധ്യാപകന് ആഴ്ചയിൽ 5 ദിവസം നൽകുമ്പോൾ കൂടുതൽ പാഠഭാഗങ്ങൾ പഠിപ്പിക്കുന്ന സീനിയർ അദ്ധ്യാപകന് 4 ദിവസം മാത്രമേ ലഭിക്കുന്നുള്ളൂ. മാത്രമല്ല ജൂനിയർ അദ്ധ്യാപകർക്ക് ഒരു മാസം 14 ദിവസം മാത്രമേ ഒപ്പിടാൻ അനുവാദമുള്ളൂ. ഇതു സംബന്ധിച്ച് നേരത്തേ തന്നെ ഉത്തരവ് നിലവിലുള്ളതാണ്. അങ്ങനെയെങ്കിൽ പുതിയ ഉത്തരവനുസരിച്ച് ജൂനിയർ അദ്ധ്യാപകൻ ആഴ്ചയിൽ 5 ദിവസം വീതം മാസം 20 ദിവസം ജോലി ചെയ്താലും 14 ദിവസത്തെ വേതനത്തിനു മാത്രമേ അർഹതയുള്ളൂ. പുതിയ ഉത്തരവിലെ തെറ്റുകളും പൊരുത്തക്കേടുകളും തിരുത്തി പുതിയ ഉത്തരവ് ഇറക്കണമെന്നാണ് ഹയർ സെക്കൻഡറി ഗസ്റ്റ് അദ്ധ്യാപകരുടെ ആവശ്യം.