
പാലോട്: കാറിൽ കറങ്ങിനടന്ന് രാത്രിയിൽ റോഡരികിൽ പാർക്കുചെയ്തിട്ടുള്ള ടോറസ്, ടിപ്പർ, പിക്അപ്പ് തുടങ്ങിയ വാഹനങ്ങളിലെ ബാറ്ററികൾ മോഷ്ടിച്ചു വിൽക്കുന്ന കേസിൽ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. പനവൂർ സ്വദേശിയും ഇപ്പോൾ മുട്ടത്തറ പൂന്തുറ മസാൽ തെരുവിൽ വാടകയ്ക്കു താമസിക്കുന്ന അൽഅമീനാണ് (44) പിടിയിലായത്. മാർച്ച് 7ന് തിരുവനന്തപുരം- ചെങ്കോട്ട സംസ്ഥാനപാതയിൽ പാർക്ക് ചെയ്തിരുന്ന അഞ്ചോളം വാഹനങ്ങളിൽ നിന്ന് ബാറ്ററികളും, സൗണ്ട് സിസ്റ്റത്തിന്റെ ഉപകരണങ്ങളും മോഷണം പോയതായി പരാതി ലഭിച്ചിരുന്നു. തുടർന്ന് മടത്തറ മുതൽ ചുള്ളിമാനൂർ വരെയുള്ള സി.സി ടിവികൾ പരിശോധിച്ചതിൽ നിന്ന് വെള്ളനിറത്തിലുള്ള ഒരു കാറിൽ സഞ്ചരിച്ചവരാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തി. എന്നാൽ വാഹനത്തിന്റെ നമ്പർ വ്യാജമായിരുന്നു. അന്വേഷണത്തിൽ ഈ കാർ ബീമാപ്പള്ളിയിൽ നിന്ന് വാടകയ്ക്ക് എടുത്തതാണെന്ന് കണ്ടെത്തി. പിന്നീട് ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലായി നാഷണൽ ഹൈവേയുടെയും മറ്റും വശങ്ങളിൽ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളിൽ നിന്ന് ബാറ്രറികൾ മോഷ്ടിച്ചതായി തെളിഞ്ഞു. മോഷണമുതലിൽ കണിയാപുരത്തുള്ള ആക്രിക്കടയിൽ വിറ്റ 20 ഓളം ബാറ്ററികൾ അവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മോഷണത്തിനുപയോഗിച്ച കാറും കണ്ടെത്തി. അൽഅമീന്റെ ഭാര്യാ സഹോദരനായ ജസീമും മോഷണസംഘത്തിൽ ഉൾപ്പെട്ടതായി തെളിവ് ലഭിച്ചിട്ടുണ്ട്. ജസീം തിരുവനന്തപുരത്തെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണ്. തിരുവനന്തപുരത്ത് നിന്ന് ഇയാൾ വേസ്റ്റ് ശേഖരിച്ച് എറണാകുളത്ത് എത്തിക്കുന്ന ജോലിയാണ് നോക്കിയിരുന്നത്. യാത്രയ്ക്കിടെ റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ കണ്ടുവയ്ക്കുകയും രാത്രി മോഷണം നടത്തുകയുമായിരുന്നു രീതി. നെടുമങ്ങാട് ഡിവൈ.എസ്.പി എം.കെ. സുൽഫിക്കറിന്റെ മേൽനോട്ടത്തിൽ പാലോട് ഇൻസ്പെക്ടർ സി.കെ. മനോജ് അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.