തിരുവനന്തപുരം: പട്ടം തോട്ടിൽ മീനുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത് പ്രദേശത്ത് ആശങ്ക പരത്തി.പട്ടം ചാലക്കുഴി റോഡ് മുതൽ കോസ്‌മോപോളിറ്റൻ ആശുപത്രിക്ക് സമീപമുളള ഭാഗം വരെയാണ് വിവിധ സ്ഥലങ്ങളിലായി ചത്ത മീനുകളെ കണ്ടത്.നഗരസഭാ ആരോഗ്യ വിഭാഗം,മലിനീകരണ നിയന്ത്രണ ബോർഡ്,മരിയൻ ഫിഷ് അതോറിട്ടി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി വിശദപരിശോധന നടത്തി.മീനുകളുടെ പോസ്റ്റുമോർട്ടവും വെളളത്തിന്റെ സാമ്പിളും പരിശോധിച്ച ശേഷമാകും തുടർനടപടികൾ. പ്രദേശമാകെ ഇന്നലെ വലിയ തോതിലുളള ദുർഗന്ധമാണുണ്ടായത്. ഡെപ്യൂട്ടി മേയർ പി.കെ. രാജു വിശദ അന്വേഷണത്തിനായി ഹെൽത്ത് ഇൻസ്‌പെക്‌ടർ എസ്.എസ് മിനുവിനെ ചുമതലപ്പെടുത്തി.

സംശയം പലതരം

മീനുകൾ ചത്തുപൊങ്ങിയതാണോ അതോ ആരെങ്കിലും വളർത്തു മീനുകളെ കൊണ്ടുതളളിയതാണോയെന്നാണ് നഗരസഭ ആധികൃതരുടെ സംശയം.തോട്ടിലെ മീനുകളെ പിടിച്ച് ഉളളൂർ,ആക്കുളം എന്നിവിടങ്ങളിൽ കൊണ്ടുപോയി വിൽക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുണ്ട്.മീനുകളെ മയക്കാൻ ഒരുതരം വിഷം ഇവർ തോട്ടിലൊഴിക്കാറുണ്ട്.ഇതാണ് മീനുകൾ ചത്തുപൊങ്ങാൻ കാരണമെന്നും നഗരസഭ സംശയിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളെയാണ് പ്രധാനമായും സംശയി‌ക്കുന്നതെന്ന് പി.കെ.രാജു പറഞ്ഞു.അടുത്തിടെ ഈഞ്ചയ്‌ക്കലിലെ കുളത്തിൽ ഇത്തരമൊരു സംഭവം നടന്നുവെന്നും അദ്ദേഹം പറഞ്ഞു.

 കഴുത്ത് നീട്ടും കുഴലുകൾ

പ്രദേശത്തെ ഒട്ടുമിക്ക സ്ഥാപനങ്ങളിലേയും വീടുകളിലേയും മലിനജലം തോട്ടിലേക്കാണ് ഒഴുകുന്നത്.ഇതിൽ സെപ്‌റ്റിക് ടാങ്ക് മാലിന്യം വരെയുണ്ട്.മാലിന്യം പുറന്തളളുന്ന കുഴലുകൾ നീക്കം ചെയ്യണമെന്ന് നഗരസഭ പലതവണ താക്കീത് ചെയ്‌തിരുന്നു.എന്നാൽ മഴവെളളം ഒഴുകിപോകാൻ മറ്റ് സംവിധാനങ്ങളില്ലെന്നു പറഞ്ഞാണ് പലരും കുഴലെടുത്ത് മാറ്റാത്തത്.

 9 കോടി അനുവദിച്ച് എം.എൽ.എ

തോട് വൃത്തിയാക്കാനും മലിനജലം ഒഴുകുന്നത് തടയാനും സൈഡ് വാൾ കെട്ടാനുമായി വി.കെ.പ്രശാന്ത് എം.എൽ.എ 9 കോടി രൂപയാണ് അനുവദിച്ചത്.മലിനജലം ഒഴുക്കുന്ന വീടുകൾക്കും സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകാനും നഗരസഭ തീരുമാനമെടുത്തിട്ടുണ്ട്.അതിനിടെയാണ് അധികൃതരെ ഞെട്ടിച്ച് മീനുകൾ ചത്തുപൊങ്ങിയത്.