
വർക്കല: അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതകൾക്കായി സ്വയംതൊഴിൽ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ച് വർക്കല ശിവഗിരി ശ്രീനാരായണ കോളേജ്. ഐ.ക്യൂ.എ.സിയുടെ സഹകരണത്തോടെ ഓൺട്രപ്രണർഷിപ് ഡെവലപ്മെന്റ് ക്ലബ് (ഇ.ഡി ക്ലബ്) സംഘടിപ്പിക്കുന്ന 'തണൽ' സ്വയംതൊഴിൽ പരിശീലന പരിപാടിയുടെ ഭാഗമായുള്ള സ്റ്റിച്ചിംഗ് സെന്ററിന്റെയും സ്റ്റിച്ചിംഗ് ആൻഡ് എംബ്രോയ്ഡറി സർട്ടിഫിക്കറ്റ് കോഴ്സിന്റെയും ഉദ്ഘാടനം അന്താരാഷ്ട്ര വനിതാ ദിനത്തിൽ നടന്നു.
30 പെൺകുട്ടികൾക്കാണ് ആദ്യ ബാച്ചിൽ പ്രവേശനം ലഭിക്കുക. എസ്.എൻ. ട്രസ്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അജി.എസ് ആർ.എം സ്റ്റിച്ചിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. മറ്റുള്ളവരുടെ സഹായം ഇല്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ഓരോരുത്തരെയും പ്രാപ്തരാക്കുന്നതാണ് തണൽ സ്വയംതൊഴിൽ പരിശീലന പരിപാടി എന്ന് അജി എസ്.ആർ.എം പറഞ്ഞു. സ്റ്റിച്ചിംഗ് ആൻഡ് എംബ്രോയ്ഡറി സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോക്ടർ കെ.സി. പ്രീത നിർവഹിച്ചു. ഇ.ഡി ക്ലബ്ബ് കോഡിനേറ്റർ ജൂബിലി എസ്.വി, പ്രൊഫസർ സനൽ കുമാർ, ഡോക്ടർ എസ്. സാജു, സ്റ്റാൻലി. ജി.എസ്, എം. രാജീവൻ, ജി. ശിവ കുമാർ, ഡോക്ടർ രാജി തുടങ്ങിയവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.