girl

നെയ്യാറ്റിൻകര: സ്‌കൂൾ യൂണിഫോമിലെത്തിയ പെൺകുട്ടി വെള്ളിയാഭരണക്കടയിൽ നിന്ന് പണംകവർന്നു. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിലെ മൂകാംബിക സിൽവർ പാലസ് എന്ന കടയിലാണ് സംഭവം. 21,​180 രൂപയാണ് നഷ്ടപ്പെട്ടതെന്ന് ജീവനക്കാരൻ പറഞ്ഞു. പാന്റ്സും ഷർട്ടും ഓവർകോട്ടും അണിഞ്ഞെത്തിയ പെൺകുട്ടി പണമെടുത്ത് മടങ്ങുന്ന ദൃശ്യം കടയിലെ സി.സി ടിവി കാമറയിലുണ്ട്.പെൺകുട്ടിയെത്തിയപ്പോൾ പ്രായമായ ഒരു ജീവനക്കാരൻ മാത്രമാണ് കടയിലുണ്ടായിരുന്നത്. ഇയാൾ നല്ല ഉറക്കത്തിലായിരുന്നു. വേറൊരു ജീവനക്കാരൻ ബാങ്കിൽ പോയസമയത്താണ് സംഭവം. കാഷ് കൗണ്ടർ തുറന്ന് ബാഗ് കൈയിലെടുത്ത് പുറത്തിറങ്ങിയ പെൺകുട്ടി ബാഗിനകത്ത് താക്കോൽകൂട്ടം മാത്രമാണെന്ന് മനസിലായ ശേഷം വീണ്ടും കടയ്‌ക്കകത്ത് കയറി കാഷ് കൗണ്ടർ തുറന്ന് അടുക്കിവച്ചിരുന്ന ഒരു കെട്ട് നോട്ട് മോഷ്ടിക്കുകയായിരുന്നു.ബാങ്കിൽ നിന്ന് തിരിച്ചെത്തിയ ജീവനക്കാരൻ മേശ തുറന്ന് നോക്കിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് സി.സി ടിവി പരിശോധിച്ചപ്പോഴാണ് പെൺകുട്ടി മോഷണം നടത്തിയത് അറിഞ്ഞത്. കടയുടമ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി നെയ്യാറ്റിൻകര സി.ഐ അറിയിച്ചു.

ഫോട്ടോ: പെൺകുട്ടി കൈയിൽ പണവുമായി

നിൽക്കുന്ന സി.സി ടിവി ദൃശ്യം