
 ഫ്ലൈഓവർ അവസാനഘട്ടത്തിലേയ്‌ക്ക്
തിരുവനന്തപുരം: മെഡിക്കൽ കോളേജ് കാമ്പസിലെ ഫ്ലൈഓവറിന്റെ നിർമ്മാണം അവസാനഘട്ടത്തിലേക്ക്. ഈ മാസം അവസാനം ജോലികൾ പൂർത്തിയാക്കി അടുത്തമാസം ഫ്ലൈഓവർ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ടാറിംഗും മറ്റ് മിനുക്കുപണികളുമാണ് ഇനി അവശേഷിക്കുന്നത്. മെഡിക്കൽ കോളേജ് വളപ്പിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി യാത്ര സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മൂന്ന് ഘട്ടമായുള്ള മെഡിക്കൽ കോളേജ് നവീകരണം മുന്നിൽക്കണ്ട് തയ്യാറാക്കിയ സമഗ്ര മാസ്റ്റർ പ്ലാനിന്റെ ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നതാണ് ഫ്ലൈഓവർ.
12 മീറ്റർ വീതി 12 തൂണുകൾ
110 കെ.വി ഓവർഹെഡ് ലൈനിന്റെയും ജല അതോറിട്ടി പൈപ്പുകളുടെയും മാറ്റി സ്ഥാപിക്കലാണ് 2019ൽ തറക്കല്ലിട്ട ഫ്ലൈഓവറിന്റെ നിർമ്മാണം ഇഴയാൻ കാരണം. മെഡിക്കൽ കോളേജ് കാമ്പസിൽ ശ്രീചിത്ര ആശുപത്രിക്ക് സമീപം ആരംഭിക്കുന്ന പാത മെഡിക്കൽ കോളേജ് ഒ.പി ബ്ലോക്കിന് മുകളിൽ കൂടി കടന്ന് മെൻസ് ഹോസ്റ്റലിനും പി.എം.ആറിനും ഇടയിലൂടെ കുമാരപുരം റോഡിൽ ചെന്നുചേരും. അപ്രോച്ച് റോഡ് ഉൾപ്പെടെ 340 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള ഫ്ലൈഓവറിൽ 12 തൂണുകളാണുള്ളത്.
33.48 കോടി രൂപ ചെലവ് വരുന്ന പദ്ധതിയുടെ നടത്തിപ്പ് ചുമതല ഇൻഫ്രാസ്ട്രക്ചർ കേരള ലിമിറ്റഡിനാണ് ( ഇങ്കൽ ). കിഫ്ബിയാണ് പദ്ധതിയുടെ ഫണ്ടിംഗ് ഏജൻസി. 2018ലാണ് മെഡിക്കൽ കോളേജിനെ മികവിന്റെ കേന്ദ്രമാക്കാനുള്ള 717 കോടി രൂപയുടെ പദ്ധതി സംസ്ഥാന സർക്കാർ വിഭാവനം ചെയ്‌തത്. മെഡിക്കൽ കോളേജ് കാമ്പസിലെ ഫ്ലൈഓവർ നിർമ്മാണം ഇഴയുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ നേരത്തെ രംഗത്തുവന്നിരുന്നു.