naushad

മുടപുരം: ദുരിതകാലത്ത് സേവനത്തിന്റെ മുഖമായിരുന്ന ഇ. നൗഷാദിന് (54) നാടിന്റെ യാത്രാമൊഴി. ആറുവർഷം കിഴുവിലം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനായിരുന്ന നൗഷാദ് നിരവധി സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.

കൊവിഡ് വ്യാപനത്തെ തുടർന്ന് ആദ്യ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഒരു മാസം തുടർച്ചയായി കിഴുവിലം ഗ്രാമപഞ്ചായത്തിൽ അദ്ദേഹം ജനകീയ അടുക്കള സ്ഥാപിച്ച് ഭക്ഷണമൊരുക്കി. നാട്ടുകാർക്ക് എന്ത് ആവശ്യങ്ങൾക്കും സമീപിക്കാവുന്ന വ്യക്തിയായിരുന്നു. സി.പി.ഐ കിഴുവിലം മുൻ ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയും എ.ഐ.ടി.യു.സി സംസ്ഥാന കൗൺസിൽ അംഗവും മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ നേതാവുമായിരുന്ന നൗഷാദ് കാൻസർ ബാധിതനായി മാസങ്ങളായി ചികിത്സയിലായിരുന്നു.

ഇന്നലെ രാവിലെ കാട്ടുമുറാക്കൽ ജുമാ മസ്ജിദിൽ നടന്ന സംസ്‌കാര ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ട്രീയ സന്നദ്ധ പ്രവർത്തകരും പങ്കെടുത്തു. മുടപുരം എൻ.ഇ.എസ് ബ്ലോക്ക് ജംഗ്ഷനിലെ കിഴുവിലം ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിന് മുന്നിൽ ഇന്നലെ വൈകിട്ട് അനുശോചന യോഗം ചേർന്നു.