ha

വെഞ്ഞാറമൂട്: തേമ്പാമൂട്ടിൽ കഴിഞ്ഞ തിരുവോണത്തലേന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ഹഖ് മുഹമ്മദും മിഥിലാജും കൊല്ലപ്പെട്ടത് സി.പി.എം നേതൃത്വത്തിന്റെ അറിവോടെയെന്ന മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി. സുനിലിന്റെ വെളിപ്പെടുത്തൽ വിവാദമാകുന്നു. സംഭവത്തിനുശേഷം പാർട്ടി വിട്ട് സി.പി.ഐയിൽ ചേർന്ന സുനിലിന്റെ ഗൂഢാലോചനാ വെളിപ്പെടുത്തൽ കഴിഞ്ഞദിവസം സി.പി.ഐ വെഞ്ഞാറമൂട് പഞ്ചായത്ത് കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവന്നത്. നിലവിൽ സി.പി.ഐ വെഞ്ഞാറമൂട് വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് സുനിൽ.

കോൺഗ്രസാണ് സംഭവത്തിന് പിന്നിലെന്ന് ആവർത്തിക്കുമ്പോൾ പുതിയ ആരോപണം സി.പി.എമ്മിന് തലവേദനയാണ്. എന്നാൽ പുതിയ വെളിപ്പെടുത്തൽ സി.പി.ഐയുടെ സൃഷ്ടിയാണെന്നും അതിന് പ്രസക്തിയില്ലെന്നുമാണ് സി.പി.എമ്മിന്റെ നിലപാട്. രാഷ്ട്രീയ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന പൊലീസിന്റെ കുറ്റപത്രം തള്ളി ഫോറൻസിക് റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. രണ്ടുസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും രാഷ്ട്രീയ ഗൂഢാലോചനയ്ക്കു തെളിവില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇത് ശരിവയ്‌ക്കുന്നതാണ് സുനിലിന്റെ ആരോപണം.

2020 ഓഗസ്റ്റ് 30ന് രാത്രിയിൽ ബൈക്കിൽ പോകുകയായിരുന്ന ഹഖ് മുഹമ്മദും മിഥിലാജും തേമ്പാമൂട് ജംഗ്ഷനിൽ വച്ചാണ് കൊല്ലപ്പെട്ടത്. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ദിവസം നടന്ന സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. കേസിൽ കോൺഗ്രസ് പ്രവർത്തകരുൾപ്പടെ 11പേർ അറസ്റ്റിലാകുകയും രണ്ടുപേർക്ക് ജാമ്യം ലഭിക്കുകയും ചെയ്‌തു.

'അന്വേഷണവും പൂർത്തിയായി പ്രതികളെല്ലാം അറസ്റ്റിറ്റിലായി. പുതിയ

വെളിപ്പെടുത്തലിന് അടിസ്ഥാനമില്ല. അത് മുഖവിലയ്‌ക്കെടുക്കുന്നില്ല.'

- ഇ.എ.സലിം,​ സി.പി.എം

വെഞ്ഞാറാമൂട് ഏരിയാ സെക്രട്ടറി