ഉത്തരം കണ്ടെത്താൻ രാത്രി പരിശോധന
വർക്കല: പ്രതാപന്റെയും കുടുംബത്തിന്റെയും മരണത്തിനിടയാക്കിയ തീപിടിത്തത്തിന്റെ ഉറവിടം കണ്ടെത്താൻ ദുരന്തമുണ്ടായ രാഹുൽനിവാസിൽ രാത്രി പരിശോധന നടത്തും. തീപിടിത്തത്തിന്റെ രാത്രികാല സി.സി ടിവി ദൃശ്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് പൊലീസും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥരും സംഭവം നടന്ന അതേസമയം ശാസ്‌ത്രീയ പരിശോധന നടത്താനൊരുങ്ങുന്നത്.
അയൽവാസിയായ ബിജുവിന്റെ വീട്ടിലെ സി.സി ടിവിയിൽ അപകടദിവസത്തെ ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന് വീടിന്റെ ഇടതുവശത്ത് തീപിടിക്കുന്നതിന്റെ ദൃശ്യം ലഭിച്ചിട്ടുണ്ട്. വീടിന്റെ ഇടതുവശത്തുനിന്ന് വീടിനുള്ളിൽ വലത്തുഭാഗത്തേക്കാണ് തീപടർന്നത്. രാഹുൽ നിവാസിൽ നിന്ന് 25 മീറ്ററിലധികം ദൂരത്തിൽ റോഡിന്റെ എതിർവശത്തുള്ള വീടാണ് ബിജുവിന്റേത്. ഇവിടെ റോഡിലേക്ക് ഫോക്കസ് ചെയ്‌തിട്ടുള്ള കാമറയും രാഹുൽനിവാസിന്റെ സിറ്റൗട്ടുമായി കഷ്ടിച്ച് 50 മീറ്ററോളം ദൂരമുണ്ട്. ദൃശ്യങ്ങളിൽ കാണുന്ന തീ ഹാളിനുള്ളിലാണോ കാർപോർച്ചിലാണോയെന്ന് ഉറപ്പാക്കാനാണ് പൊലീസിന്റെ ശ്രമം. ഇതിനായി രാത്രിയിൽ രാഹുൽ നിവാസിന്റെ ഹാളിലും പോർച്ചിലും വിളക്കുതെളിച്ചോ ടോർച്ച് മിന്നിച്ചോ കാമറയിൽ കാണപ്പെട്ട തീയുടെ തുടക്കം എവിടെയാണെന്ന് കണ്ടെത്തും.
സംഭവ ദിവസത്തെ ദൃശ്യങ്ങളിൽ തീ കണ്ട സ്ഥലം മോണിട്ടറിൽ മാർക്ക് ചെയ്‌തശേഷം അതേ സ്ഥലത്ത് ടോർച്ചോ വിളക്കോ തെളിച്ച് ആളെ നിറുത്തി ഉത്ഭവസ്ഥാനം കണ്ടെത്താനാണ് ശ്രമം. തീപിടിത്തതിന് മുമ്പോ പിന്നീടോ സംശയിക്കത്തക്ക യാതൊന്നും ദൃശ്യങ്ങളിൽ കണ്ടിട്ടില്ലാത്തതിനാൽ സംഭവത്തിൽ അട്ടിമറിയോ അപായ സാദ്ധ്യതയോ ഇല്ലെന്നാണ് പൊലീസിന്റെ നിഗമനം. നാടിനെ നടുക്കിയ ദാരുണമായ സംഭവത്തിൽ വ്യക്തത വരുത്താനാണ് പൊലീസിന്റെയും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും പരിശ്രമം. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഡെപ്യൂട്ടി ചീഫ് എൻജിനിയർ റഫിയുദ്ദീനും വർക്കല സി.ഐ പ്രശാന്തും ഇന്നലെ പകലും രാഹുൽനിവാസിലെത്തി പരിശോധിച്ചു.
സംശയിക്കുന്ന കാരണങ്ങൾ
----------------------------------------------------
അപകടസമയം വീട്ടിലെ ടോപ്പ് ലൈറ്റും പിൻവശത്തെയും കാർപോർച്ചിലെയും ലൈറ്റുകളും ഓണായിരുന്നുവെന്നാണ് സൂചന. പോർച്ചിലെ ലൈറ്റിന്റെയും ഹാളിനുള്ളിലെ ജിപ്‌സം വർക്കുകളിൽ സ്ഥാപിച്ചിരുന്ന ഫാൻസി ലൈറ്റുകളുടെയും സ്വിച്ചുകളെല്ലാം ഹാളിലെ ഒരു സ്വിച്ച് ബോർഡിലായിരുന്നു. ഹാളിൽ പോർച്ചിന്റെ വശത്തെ ജനാലയോട് ചേർന്ന ഭാഗത്തെ ജിപ്‌സം ബോഡിലെ ഫാൻസി ലൈറ്റ് ഷോർട്ട് സർക്യൂട്ടിൽ പൊട്ടിത്തെറിക്കുകയോ ഇതിന്റെ തീ ജനാലയിലെ കർട്ടനിലും സോഫാ സെറ്റിയിലും പടരുകയായിരുന്നോ എന്നതാണ് ഒരു സംശയം.
പോർച്ചിൽ ബൈക്കുകൾ പാർക്ക് ചെയ്‌തിരുന്ന ഭാഗത്തെ ലൈറ്റും കത്തിയമർന്നിട്ടുണ്ട്.
പോർച്ചിലെ ലൈറ്റിൽ ഷോർട്ട് സർക്യൂട്ടുണ്ടായി അതിൽനിന്ന് ബൈക്കിലേക്ക് പടർന്ന തീ വീട്ടിനുള്ളിലേക്ക് വ്യാപിച്ചോ എന്നതാണ് രണ്ടാമത്തെ സംശയം. എന്നാൽ യുക്തിപരമായി ഇതിന് വിദൂര സാദ്ധ്യതയാണ് അന്വേഷണഉദ്യോഗസ്ഥർ കാണുന്നത്. ബൈക്ക് കത്തുന്നതുകണ്ട് അയൽവാസികൾ ഓടിയെത്തി ബൈക്കിലെ തീ കെടുത്തുകയും നിഹിലിനെ ഫോണിലൂടെ വിവരം അറിയിക്കുകയും ചെയ്‌തെങ്കിലും നിഹിലിന് പുറത്തിറങ്ങാൻ കഴിയാത്തവിധം വീട്ടിനുള്ളിൽ തീയും പുകയും നിറഞ്ഞിരുന്നതിനാൽ തീയുടെ തുടക്കം അകത്തായിരുന്നുവെന്നാണ് നിഗമനം.
ബൈക്കുകളേതെങ്കിലും ബാറ്ററി ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് കത്തി ജനാലവഴി തീ അകത്തേക്ക് കടന്നോയെന്നതും മറ്റൊരു സംശയമാണ്. വീട്ടിലെ വയറിംഗുകളും തീപിടിച്ച ഇരുചക്രവാഹനങ്ങളും പൂർണമായും കത്തിയതിനാൽ അവശിഷ്ടങ്ങളിൽ നിന്ന് ഇതിനുള്ള ഉത്തരം ലഭ്യമല്ല. സി.സി ടിവി ദൃശ്യങ്ങളും ഫോറൻസിക് ഫലങ്ങളും മാത്രമാണ് അന്വേഷണസംഘത്തിന്റെ ആശ്രയം.
അയൽവീട്ടിലെ കാമറാ
ദൃശ്യങ്ങൾ സമയക്രമത്തിൽ
-------------------------------------------------
മാർച്ച് 8 പുലർച്ചെ 1.43 - രാഹുൽനിവാസിന്റെ ഇടതുവശത്ത് തീപിടിക്കുന്നു
പുലർച്ചെ 1.56- തീ കണ്ട് ഗേറ്റിന് പുറത്ത് ആളുകൾ കൂടുന്നു. ഗേറ്റിലടിച്ചും വിളിച്ചും ബഹളം വയ്ക്കുന്നു
പുലർച്ചെ 1.57 മുതൽ പോർച്ചിലെ ഇരുചക്രവാഹനങ്ങളിലെ തീ അണയ്ക്കാൻ ശ്രമം
പുലർച്ചെ 2.02- ഗേറ്റ് തള്ളിത്തുറക്കാൻ ശ്രമം
പുലർച്ചെ 2.05 ആളുകൾ അകത്തുകയറുന്നു
പുലർച്ചെ 2.07-പൊലീസെത്തുന്നു
പുലർച്ചെ 2.10 - ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനം തുടങ്ങുന്നു