kk

ഏത് തിരഞ്ഞെടുപ്പും രാഷ്ട്രീയ ചരിത്രപുസ്തകത്തിൽ മാഞ്ഞുപോകാത്ത ചില വിസ്മയ ദൃശ്യങ്ങൾ പകർത്തിവയ്ക്കാറുണ്ട്. 2024- ലെ പൊതുതിരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്നു പറയാവുന്ന യു.പി. ഉൾപ്പെടെ അഞ്ച് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവരുമ്പോൾ ഏറ്റവും വിസ്മയാവഹമായ രാഷ്ട്രീയഗാഥ പഞ്ചാബിൽ നിന്നാണ് വരുന്നത്. ഡൽഹിയുടെ പരിമിതികൾ വിട്ട് എ.എ.പി. എന്ന ഏറ്റവും പ്രായംകുറഞ്ഞ രാഷ്ട്രീയകക്ഷി പഞ്ചാബിൽ അധികാരത്തിലേക്ക് വരുന്നു. അതും നാലിൽ മൂന്ന് ഭൂരിപക്ഷം കരസ്ഥമാക്കി ആധികാരികതയോടെ തന്നെ. യു.പി. , ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങൾ പ്രവചനം പോലെതന്നെ ബി.ജെ.പിക്കൊപ്പമാണ്. അന്തിമഫലത്തിലെ കൃത്യത അറിയാനിരിക്കുന്നതേയുള്ളൂ. ഫലസൂചനകളനുസരിച്ച് ഇൗ നാല് സംസ്ഥാനങ്ങളിലും ബി.ജെ.പിയാകും അധികാരത്തിലേറുക. ഇതിൽത്തന്നെ യു.പിയിൽ ബി.ജെ.പി മുഖ്യമന്ത്രി ആദിത്യനാഥിന്റെ രണ്ടാമൂഴം പലതുകൊണ്ടും ശ്രദ്ധേയമാണ്. മൂന്ന് പതിറ്റാണ്ടുകൾക്കുശേഷം അവിടെ ഏതെങ്കിലും ഒരു പാർട്ടിക്ക് ഭരണത്തുടർച്ച ലഭിക്കുന്നത് ഇതാദ്യമാണ്. പ്രതികൂല ഘടകങ്ങൾ ഏറെ ഉണ്ടായിട്ടും ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ച് അവരുടെ പിന്തുണ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ ഫലം കണ്ടെന്നുവേണം അനുമാനിക്കാൻ.

പഞ്ചാബിലെ എ.എ.പിയുടെ അത്യുജ്ജ്വല വിജയം തന്നെയാണ് ഇൗ തിരഞ്ഞെടുപ്പ് വിജയങ്ങളിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടാൻ പോകുന്നത്. കോൺഗ്രസിനെ പാടേ തൂത്തെറിഞ്ഞുകൊണ്ടാണ് അരവിന്ദ് കെജ്‌രിവാളിന്റെ എ.എ.പി. പഞ്ചാബിൽ തേരോട്ടം പൂർത്തിയാക്കിയത്. 117 അംഗ നിയമസഭയിൽ 92സീറ്റ് സ്വന്തമാക്കിയതിലൂടെ കോൺഗ്രസിലെ സകല വൻ മരങ്ങളെയും കടപുഴക്കാനും സാധിച്ചു. എ.എ.പിയുടെ ഇൗ ജൈത്രയാത്ര പ്രതിരോധിക്കാൻ പോലുമാകാതെ തങ്ങളുടെ അവസാന തുരുത്തുകളിലൊന്നും നഷ്ടപ്പെടുന്നത് കണ്ട് സ്തബ്ധരായി നിൽക്കാനേ കോൺഗ്രസ് നേതൃത്വത്തിന് കഴിയുന്നുള്ളൂ. പഞ്ചാബിൽ ഭരണം പിടിച്ചതോടെ എ.എ.പിക്ക് രണ്ട് സംസ്ഥാനങ്ങളായി . ജനങ്ങളെയും അവരുടെ പ്രശ്നങ്ങളെയും പൂർണ്ണമായും മറന്നുകൊണ്ടുള്ള കോൺഗ്രസ് ഭരണത്തിൽ അവർ എത്രമാത്രം അസംതൃപ്തരും രോഷാകുലരുമായിരുന്നു എന്ന് തെളിയിക്കുന്നതാണ് പഞ്ചാബിലെ തിരഞ്ഞെടുപ്പ് ഫലം. ഡൽഹിയിലെ പരീക്ഷണങ്ങളിൽനിന്നുള്ള അനുഭവപാഠങ്ങൾ പകർത്തിയാണ് എ.എ.പി പഞ്ചാബിൽ തിരഞ്ഞെടുപ്പിനിറങ്ങിയത്. ജനങ്ങൾക്കിടയിലേക്ക് പൂർണ്ണമായും ഇറങ്ങിച്ചെല്ലാനും അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിയാനും അവർ പ്രത്യേകം ശ്രദ്ധിച്ചു. അധികാരത്തിലേറ്റിയാൽ ജനങ്ങൾക്കുവേണ്ടി ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ പങ്കുവയ്ക്കാനും മറന്നില്ല. ജനങ്ങൾക്ക് വിശ്വസിക്കാൻ പറ്റിയ കാര്യങ്ങൾ മാത്രമേ മുന്നോട്ടുവച്ചുള്ളൂ. ആ സമീപനം വിജയിച്ചെന്ന് തിരഞ്ഞെടുപ്പു ഫലങ്ങൾ തെളിയിക്കുന്നു.

യു.പിയിൽ പ്രവചനങ്ങൾ ശരിവയ്ക്കുന്ന വിധത്തിലാണ് ഫലങ്ങൾ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 312 സീറ്റിന്റെ ഗംഭീരവിജയം ആവർത്തിക്കാനായില്ലെങ്കിലും മികച്ച ഭൂരിപക്ഷം ഉറപ്പിക്കാൻ യോഗി ആദിത്യനാഥിന് സാധിച്ചിട്ടുണ്ട്. ബി.ജെ.പിയെ പുറത്താക്കി ഭരണം പിടിക്കാമെന്ന പ്രതീക്ഷയുമായി സർവസന്നാഹങ്ങളുമായി കളത്തിലിറങ്ങിയ സമാജ് വാദി പാർട്ടിയുടെ അഖിലേഷ് യാദവിന് പ്രതിപക്ഷ നേതാവായിരിക്കാനേ സാധിക്കൂ. എന്നാലും കഴിഞ്ഞ തവണത്തേക്കാൾ എഴുപതിലേറെ സീറ്റുകൾ അധികം നേടി ആദിത്യനാഥിന് വലിയ വെല്ലുവിളി ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.126 സീറ്റിലാണ് സമാജ് വാദി സ്ഥാനാർത്ഥികളുടെ വിജയം. ഒരുകാലത്ത് യു.പി ഭരിച്ചിരുന്ന മായാവതിയുടെ ബഹുജൻ സമാജ് വാദി പാർട്ടിയുടെ സമ്പൂർണ്ണ പതനം കൂടി കാണേണ്ടിവന്ന തിരഞ്ഞെടുപ്പാണിത്. അതേ ഗതിതന്നെ കോൺഗ്രസിനുമുണ്ടായി. 2017 ൽ ഏഴ് സീറ്റെങ്കിലും ലഭിച്ചപ്പോൾ ഇത്തവണ രണ്ട് സീറ്റിലേക്ക് മുഖമടച്ചു വീഴുകയായിരുന്നു. രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കയും ചേർന്ന് യു.പിയിൽ വലിയ പ്രചാരണം നടത്തിയിട്ടും ഒരു നേട്ടവുമുണ്ടായില്ലെന്നത് പാർട്ടി ചെന്നുപെട്ടിരിക്കുന്ന ജീർണ്ണതയുടെ ആഴം വെളിവാക്കും. ഇരുനൂറിലധികം റാലികളിലാണ് പ്രിയങ്ക സംബന്ധിച്ചത്. നൂറ്റിയൻപതോളം വനിതകൾക്ക് സ്ഥാനാർത്ഥിത്വവും നൽകിയിരുന്നു.

ഏറെ പ്രതികൂല സാഹചര്യങ്ങൾ നേരിട്ടുകൊണ്ടാണ് ബി.ജെ.പി ഉത്തർപ്രദേശിൽ ഭരണത്തുടർച്ച നേടിയിരിക്കുന്നത്. പ്രതികൂല ഘടകങ്ങൾ അനുകൂലമാക്കിയെടുക്കാൻ പാർട്ടി നേതൃത്വവും മുഖ്യമന്ത്രി ആദിത്യനാഥും കഠിനമായി ശ്രമിച്ചെന്നു പറയാം. പഞ്ചാബിൽ എ.എ.പിയെപ്പോലെ യു.പിയിൽ ആദിത്യനാഥും ജനങ്ങളിലേക്ക് കൂടുതലായി ഇറങ്ങിച്ചെന്നു. സാധാരണക്കാർക്കും സ്ത്രീകൾക്കും വേണ്ടി ഒട്ടേറെ ക്ഷേമപരിപാടികൾ നടപ്പാക്കി. അയോദ്ധ്യ, കാശി, മഥുര തുടങ്ങി എല്ലാ വിവാദ പ്രശ്നങ്ങളിൽനിന്നും ബോധപൂർവം അകന്നുനിന്നു. പകരം സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾക്കാണ് ഉൗന്നൽ നൽകിയത്. കൊവിഡ് കാലത്ത് പാവപ്പെട്ട കുടുംബങ്ങൾക്ക് അവശ്യസാധനങ്ങൾ നൽകാൻ ഏർപ്പാട് ചെയ്തു. അഞ്ചുവർഷത്തിനിടെ പാവങ്ങൾക്കായി 40 ലക്ഷം വീടുകളാണ് നിർമ്മിച്ചുനൽകിയത്. അടിസ്ഥാന വികസനരംഗത്ത് ഒട്ടേറെ പദ്ധതികൾ നടപ്പാക്കി. മെഡിക്കൽ കോളേജുകളുടെ വലിയ ശൃംഖലതന്നെ സ്ഥാപിച്ചു. ഏറ്റവും പ്രധാനം സാമൂഹ്യവിരുദ്ധന്മാരെയും ഗുണ്ടകളെയും അമർച്ച ചെയ്യാൻ സ്വീകരിച്ച നടപടികളാണ്. ഭരണത്തിൽ അഴിമതി തടയാൻ സ്വീകരിച്ച നടപടികളും സാധാരണക്കാർക്കിടയിൽ സർക്കാരിന്റെ സ്വീകാര്യത വർദ്ധിപ്പിച്ചു. ഏഴുഘട്ടമായി നടന്ന വോട്ടെടുപ്പ് അങ്ങേയറ്റം സമാധാനപരമായി പൂർത്തിയാക്കാനായത് നേട്ടമാണ്. വനിതാ വോട്ടർമാർ കൂടുതലായി വോട്ട് ചെയ്യാനെത്തിയതും ഇത്തവണ പ്രത്യേകതയായി. ബി.ജെ.പി മുന്നേറ്റത്തിന് ഇതും ഒരു കാരണമാണ്.

എഴുപത് സീറ്റുള്ള ഉത്തരാഖണ്ഡിലും നാല്പത് സീറ്റുള്ള ഗോവയിലും ഇക്കുറി ഭരണം പിടിക്കാനാവുമെന്ന് കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നതാണ്. ഗോവയിൽ കഴിഞ്ഞ തവണ നടന്ന കൂറുമാറ്റ പരമ്പര മനസ്സിലുള്ളതിനാൽ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്യിച്ചാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ പത്രിക സമർപ്പിക്കാൻ അനുവദിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞ ഉടനെ സ്ഥാനാർത്ഥികളെ റിസോർട്ടിലേക്ക് മാറ്റുകയും ചെയ്തിരുന്നു. മണിപ്പൂർ സഭയിൽ ബി.ജെ.പിയാണ് വലിയ കക്ഷി. ഭൂരിപക്ഷത്തിന് രണ്ടോ മൂന്നോ പേരുടെ കുറവുണ്ടെങ്കിലും മറ്റു പാർട്ടിക്കാർ സഹായഹസ്തവുമായി എത്തുമെന്ന് ഉറപ്പുണ്ട്.

തിരഞ്ഞെടുപ്പ് ഫലം പൂർത്തിയാകുമ്പോൾ എല്ലാ കക്ഷികൾക്കും ഗൃഹപാഠത്തിനുള്ള സമയമാണ്. പഠനവും ചർച്ചകളും വിലയിരുത്തലും ധാരാളമായി നടക്കും. തന്ത്രങ്ങളും അടവുകളും സമീപനവുമൊക്കെ പിഴച്ചത് എവിടെയെന്നു മനസ്സിലാക്കേണ്ടത് ആവശ്യം തന്നെ. ഇൗ തിരഞ്ഞെടുപ്പിൽ നിന്ന് പതിവുപോലെ ഏറ്റവുമധികം പഠിക്കാനുള്ളത് കോൺഗ്രസിന് തന്നെയാണ്. എത്രകൊണ്ടാലും പഠിക്കുകയില്ലെന്ന ശാഠ്യവുമായി നിൽക്കുന്ന ആ പാർട്ടിക്ക് ഇപ്പോഴത്തെ ഇൗ കനത്ത തോൽവിക്ക് ജനങ്ങളോട് എന്ത് കാരണമാണ് പറയാനുണ്ടാവുക? കാര്യങ്ങൾ നേർവഴിക്കല്ല പോകുന്നതെന്നു പറയാൻ ധൈര്യം കാണിച്ചവരെ ഒതുക്കുന്ന നയം ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. വിമതരെന്ന് മുദ്രകുത്തി അകറ്റിനിറുത്തിയിരിക്കുന്ന ജി- 23 നേതാക്കൾ വീണ്ടും ശബ്ദമുയർത്തുന്നുണ്ട്. കേൾക്കുമോ ആവോ?