
തിരുവനന്തപുരം: കടലാസിലൊതുങ്ങുന്ന ലൈറ്റ്മെട്രോ പദ്ധതിക്ക് ബഡ്‌ജറ്റിൽ ശാപമോക്ഷം പ്രതീക്ഷിക്കുകയാണ് തലസ്ഥാനം. 63,491കോടിയുടെ തിരുവനന്തപുരം - കാസർകോട് സെമി - ഹൈസ്‌പീഡ് റെയിൽവേ നടപ്പാക്കാനൊരുങ്ങുന്ന സർക്കാർ 4673 കോടി മാത്രം ചെലവുള്ള ലൈറ്റ് മെട്രോയെ അവഗണിക്കുകയാണെന്നാണ് ആക്ഷേപം.
കരമന മുതൽ ടെക്നോസിറ്റി വരെയുള്ള മെട്രോപാതയിൽ ടെക്നോപാർക്കിനെക്കൂടി ഉൾപ്പെടുത്താൻ മൂന്നുവർഷം മുമ്പ് തുടങ്ങിയ പഠനം എങ്ങുമെത്തിയിട്ടില്ല. പി.പി.പി മോഡൽ ഉൾപ്പെടുത്തിയ പുതുക്കിയ പദ്ധതിരേഖ അംഗീകരിച്ച് പദ്ധതിക്കായി കേന്ദ്രത്തിന് അപേക്ഷിച്ചിട്ട് ഒരുവർഷം കഴിഞ്ഞിട്ടും തുടർനടപടിയുമുണ്ടായില്ല.
തിരുവനന്തപുരത്ത് മെട്രോ അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തേ മുഖ്യമന്ത്രിക്ക് ഉറപ്പുനൽകിയിരുന്നതാണ്. ടെക്നോസിറ്റി മുതൽ കരമന വരെ 21.48 കിലോമീറ്ററിലാണ് പദ്ധതി. ഓവർബ്രിഡ്ജുകൾക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും കൂടുതൽ തുക വകയിരുത്തുന്നതും കേന്ദ്രാനുമതി വേഗത്തിൽ നേടിയെടുക്കുമെന്നുമടക്കമുള്ള പ്രഖ്യാപനങ്ങളാണ് ബഡ്‌ജറ്റിൽ തലസ്ഥാനം കാത്തിരിക്കുന്നത്.
ലൈറ്റ്മെട്രോ തിരുവനന്തപുരം,കോഴിക്കോട് നഗരങ്ങളിൽ യാഥാർത്ഥ്യമാക്കാൻ സർക്കാർ മുടക്കേണ്ടത് 2178 കോടിയാണ്. 7446 കോടിയാണ് ആകെ ചെലവ്. ആഗോളവായ്‌പയും കേന്ദ്രസഹായവും കിട്ടും. ഓട്ടോമാറ്റിക് ടിക്കറ്റിംഗ്,സ്റ്റേഷനുകളിലേക്കുള്ള ലിഫ്‌റ്റ്,എസ്‌കലേറ്റർ എന്നിവയിലാണ് സ്വകാര്യപങ്കാളിത്തം.
സ്വകാര്യ പങ്കാളിത്തത്തോടെയുള്ള കേന്ദ്രസർക്കാരിന്റെ പുതിയ മെട്രോനയത്തോട് സംസ്ഥാന സർക്കാരിനുള്ള എതിർപ്പ് കാരണമാണ് നടപടികൾ ഇഴഞ്ഞത്. പക്ഷേ മന്ത്രിസഭ പദ്ധതിരേഖ അംഗീകരിച്ചിട്ടും ഒരു നീക്കുപോക്കുമില്ല. ലൈറ്റ് മെട്രോയുടെ കാര്യത്തിൽ മെല്ലെപ്പോക്കാണെങ്കിലും ഇതിന്റെ ഭാഗമായുള്ള പട്ടം,ഉള്ളൂർ,ശ്രീകാര്യം ഓവർബ്രിഡ്‌ജുകൾക്ക് അനുമതി നൽകുകയും സ്ഥലമെടുപ്പ് നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. തമ്പാനൂരിൽ മൂന്നുനില ഓവർബ്രിഡ്ജിന്റെ ഡിസൈനും അംഗീകരിച്ചു. മെട്രോയുടെ ഡിപ്പോയ്ക്കും യാർഡിനുമായി കോഴിക്കോട്ടും തിരുവനന്തപുരത്തും സ്ഥലമെടുത്തിട്ടുണ്ട്.
ലൈറ്റ്മെട്രോയാണ് നിലവിലെ പദ്ധതിയെങ്കിലും കേന്ദ്രസർക്കാർ നിയോമെട്രോയാണ് ചെറുനഗരങ്ങൾക്ക് അനുവദിക്കുന്നത്. തൂണുകൾക്ക് മുകളിലും റോഡുകളിലൂടെയും ഓടുന്ന ചെറുട്രെയിനാണിത്. ചെലവും ശബ്ദവും വളരെക്കുറവ്. മെട്രോയുടെ ഇരുമ്പുചക്രത്തിനുപകരം നിയോയ്‌ക്ക് ടയറാണുള്ളത്. വൈദ്യുതിയാണ് ഇന്ധനം. 12 മീറ്റർ എ.സി കോച്ചുകൾ മൂന്നെണ്ണമുണ്ടാവും. ഒരെണ്ണത്തിൽ 70 യാത്രക്കാർ. അഞ്ചരമീറ്റർ ഉയരമുള്ള തൂണിനുമുകളിലൂടെ ഓടിക്കാൻ കിലോമീറ്ററിന് ചെലവ് 170 കോടിയാണ്. മെട്രോയ്‌ക്ക് 300 കോടിയാവും. റോഡിലൂടെയാണെങ്കിൽ 25 കോടി. ലൈറ്റ്മെട്രോയുടെ പദ്ധതിരേഖ നിയോയ്‌ക്കായി വീണ്ടും പുതുക്കേണ്ടി വന്നേക്കാം.
31,000 ടെക്കികൾക്ക് ഗുണം
ടെക്നോപാർക്കിന്റെ മൂന്ന് ഫേസുകളെയും ബന്ധിപ്പിച്ച് മെട്രോ ഓടിയാൽ 31,000
ടെക്കികൾക്ക് നിത്യേന യാത്രാസൗകര്യമൊരുങ്ങുമെന്നാണ് പ്രാഥമിക പഠനത്തിൽ
കണ്ടെത്തിയത്. 5.4 കിലോമീറ്റർ മെട്രോപാത നിർമ്മിക്കാൻ 700 കോടി അധികച്ചെലവുണ്ടാവും.
ടെക്നോപാർക്ക്, ഇൻഫോസിസ്, ടെക്നോപാർക്ക് ഫേസ് -3 എന്നിവിടങ്ങളിലായി 360 ഐ.ടി കമ്പനികളുണ്ട്. എല്ലായിടത്തുമായി 60,000 ടെക്കികൾ ജോലിചെയ്യുന്നുണ്ട്. ഒന്നരലക്ഷത്തോളം ആളുകൾ നിത്യേന കഴക്കൂട്ടത്ത് വന്നുപോകുന്നതായാണ് കണക്ക്.
ടെക്കികൾക്ക് സുഖകരമായ യാത്രാസൗകര്യമായിരിക്കും മെട്രോ. ഗതാഗതക്കുരുക്കും അന്തരീക്ഷ മലിനീകരണവും കുറയ്‌ക്കാം. ഭാവിയിൽ വിമാനത്താവളത്തിലേക്ക് നീട്ടാനുമാകും. വീതിയേറിയ ബൈപ്പാസിന്റെ മദ്ധ്യത്തിൽ തൂണുകൾ നിർമ്മിച്ച് മെട്രോ ഓടിക്കാം.