
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് മാർച്ച് പകുതിക്കു മുമ്പേ കുതിച്ചുയരുമ്പോൾ കോട്ടയത്ത് രാജ്യത്തെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തി. ബുധനാഴ്ച 38.8 ഡിഗ്രിയായിരുന്നു താപനില. ആന്ധ്രയിലെ നന്ദ്യാലാണ് രണ്ടാമത്. മുൻ വർഷങ്ങളിൽ സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയിരുന്ന ജില്ല പാലക്കാട് ആയിരുന്നു. കഴിഞ്ഞദിവസം പകൽ 37.3 ഡിഗ്രിയായിരുന്നു അവിടത്തെ താപനില. എന്നാൽ കോട്ടയം പാലക്കാടിനെ കടത്തിവെട്ടി. കോട്ടയത്തെ താപനില വർദ്ധിച്ചതിൽ കാലാവസ്ഥാ വിദഗ്ദ്ധർക്ക് ആശങ്കയുണ്ട്. ആറുവർഷം മുൻപ് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കോട്ടയത്ത് 38.5 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം 36 ഡിഗ്രിക്ക് മുകളിലായിരുന്നു. മാർച്ച് ആദ്യം തന്നെ ഇത്രയധികം ചൂട് രേഖപ്പെടുത്തിയതിനാൽ ഏപ്രിലിൽ ഇതിലും ഉയർന്നേക്കാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
വേനൽമഴ കിട്ടിയില്ലെങ്കിൽ കേരളം വലിയ പ്രതിസന്ധിയിലാകുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഡിസംബർ, ജനുവരി മാസങ്ങളിൽ ശരാശരിയിലും 33 ശതമാനം കുറവാണ് മഴ കിട്ടിയത്. 2.24 സെ.മീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് കിട്ടിയത് 1.49 സെ.മീറ്റർ. ഇപ്പോഴത്തെ ചൂടു കൂടുന്നതിന് ഇതും കാരണമാണ്. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ശരാശരി മഴ ലഭിച്ചപ്പോൾ മലപ്പുറത്ത് മഴ പെയ്തില്ല. തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിലും മഴ ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേസമയം 11.4 സെ.മീറ്റർ മഴയാണ് ലഭിച്ചത്.
വൈദ്യുതി ഉപഭോഗം കൂടി
ചൂട് കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും വർദ്ധിച്ചു. തിങ്കളാഴ്ച 82.57 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ചൂട് വർദ്ധിച്ചതോടെ സർക്കാരും ആരോഗ്യവകുപ്പും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പകൽ 12 മുതൽ മൂന്നു വരെ പുറത്ത് ജോലി ചെയ്യരുതെന്നും ചൂട് നേരിട്ട് ഏൽക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.