വക്കം: ഒരു കാലത്ത് വോളിബാൾ കളികൾക്കും, മത്സരങ്ങൾക്കും പേരുകേട്ട വക്കത്ത് കായികപ്രേമികൾ ആവശ്യപ്പെടുന്നത് സ്വന്തമായി ഒരു വോളിബാൾ കോർട്ട് വേണമെന്നാണ്. വക്കം പുത്തൻനട ക്ഷേത്രത്തിന്റെയും ദൈവപ്പുരേ ക്ഷേത്രത്തിന്റെയും ഒഴിഞ്ഞ പറമ്പുകളിൽ ഇന്ത്യൻ ഇന്റർനാഷണൽ താരങ്ങൾ സ്മാഷുകൾ പായിച്ചിരുന്ന ഒരു കാലഘട്ടം കായികപ്രേമികൾ ഓർമ്മകൾ ഇന്നും സജീവമാണ്. വക്കം കംപാനിയൻസിന്റെ ആഭിമുഖ്യത്തിൽ ആർ. ശങ്കർ മെമ്മോറിയൽ വോളിബാൾ ടൂർണമെന്റ് 1976 ലാണ് ആരംഭിച്ചത്. വക്കം ദൈവപ്പുര ക്ഷേത്ര മൈതാനത്താണ് മത്സരങ്ങൾ അരങ്ങേറിയത്. മൂന്ന് വർഷം കഴിഞ്ഞപ്പോൾ കളിക്കളം വക്കം പുത്തൻനട ക്ഷേത്ര മൈതാനത്തേക്ക് മാറ്റി. തുടക്കത്തിൽ പ്രവാസികളുടെ സംഭാവന കൊണ്ട് വാങ്ങിയ ട്രോഫിയാണ് വിജയികൾക്ക് നൽകിയത്. പ്രിമിയർ ടയേഴ്സ്, കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ്, കൊച്ചിൽ റിഫൈനറി, എഫ്.എ.സി.ടി ആലുവ, തിരുവനന്തപുരം ടൈറ്റാനിയം, കേരളാ പൊലീസ്, കെ.എസ്.ഇ.ബി, കെ.എസ്. ആർ.ടി.സി, എജീസ് എന്നിങ്ങനെ അക്കാലത്തെ വമ്പൻ ടീമുകൾ വക്കത്ത് മാറ്റുരയ്ക്കൻ എത്തിയിരുന്നു.

ഇന്ത്യൻ ഇന്റർനാഷണൽ താരങ്ങളായ ജിമ്മി ജോർജ് മുതൽ ഇടുക്കി ബഷീർ വരെ ഇവിടെ തീ പാറിയ സ്മാഷുകൾ പായിച്ച് കാണികളെ അത് ത്രസിപ്പിച്ചു. ഒപ്പം വക്കത്തിന് ഒരു വോളിബാൾ തലമുറയെയും സൃഷ്ടിക്കാൻ ഇതുവഴി കഴിഞ്ഞു.

കളിക്കളം വേണം

കടുത്ത സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് മുടങ്ങിയ മത്സരങ്ങൾ തുടങ്ങി വച്ചവരുടെ അടുത്ത തലമുറയാണ് പിൻതുടർന്നത്.1995 ലാണ് പിന്നെയും പുത്തൻ ക്ഷേത്ര മൈതാനിയിലും തുടർന്ന് വക്കം ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിലുമായി വോളിബാൾ മത്സരങ്ങൾ പുനരാരംഭിച്ചത്. ആ കാലഘട്ടമത്രയും നടന്നത് കളക്ഷൻ ടൂർണ്ണമെന്റുകളായിരുന്നു. അതിന് ശേഷം പിന്നെയും വലിയ ഒരു ഇടവേളയ്ക്കുശേഷം കുറെക്കൂടി ജനകീയമാക്കി നടത്തിയ ആൾ കേരള ഡിപ്പാർട്ട്മെന്റ് ആൾ കേരള യൂണിവേഴ്സിറ്റി, സൗത്ത്സോൺ ആൾ ഇന്ത്യ ടൂർണ്ണമെന്റുകളും ഓപ്പണായാണ് നടത്തിയത്. അതിലൂടെ എല്ലാ വിഭാഗം ജനങ്ങൾക്കും കളികൾ ആസ്വദിക്കാനുള്ള അവസരം ഉണ്ടായി.

വില്ലനായി കൊവിഡ്

കൊവിഡ്, നാട്ടിലെ കായിക പ്രേമികളുെടെ ടൂർണ്ണമെന്റുകളും ദൈവപ്പുര ക്ഷേത്ര മൈതാനമടക്കമുള്ള ഡെയിലി പ്രാക്ടീസും മുടങ്ങി. വക്കത്ത് ഗ്രൗണ്ടും അടിസ്ഥാന സൗകര്യങ്ങളും കോച്ചും ഉണ്ടായാൽ ഒരു നൂറ് ജിമ്മി ജോർജുമാർ ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. ആദ്യഘട്ടത്തിൽ നാട്ടുകാർ ആഗ്രഹിക്കുന്നതും വക്കത്ത് മികച്ച വോളിബാൾ കോർട്ട് വേണമെന്നതാണ്.