
കല്ലമ്പലം: പള്ളിക്കലിൽ ബൈക്ക് യാത്രക്കാരനെ തടഞ്ഞുനിറുത്തി ക്രൂരമായി മർദ്ദിച്ച കേസിൽ വധശ്രമത്തിന് നാലുപേരെ അറസ്റ്റുചെയ്‌തു. വടക്കേ പള്ളിക്കൽ വാണിയക്കൊടി വീട്ടിൽ മുഹമ്മദ് ഷാൻ (21), പള്ളിക്കൽ പുളിമാത്ത് സൽമാ മൻസിലിൽ റാഷിഖ് (34), പള്ളിക്കൽ പേഴുവിള വീട്ടിൽ ഷറഫുദ്ദീൻ (32), മടവൂർ ആനകുന്നം ന്യൂ ഹാപ്പി ഹോമിൽ ഇബ്നു (29) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 3ന് രാത്രി 10.45ഓടെയായിരുന്നു സംഭവം.
പുളിമാത്ത് നിന്ന് പള്ളിക്കലിലേയ്‌ക്ക് പോകുകയായിരുന്ന ബൈക്ക് യാത്രക്കാരൻ മടവൂർ വിളയ്ക്കാട് മാതേത്ത് വീട്ടിൽ മുകുന്ദകുമാറിനെ (40) പ്രതികൾ തടഞ്ഞുനിറുത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ട ഇയാളെ നിർമ്മാണം നടക്കുന്ന വീടിന് സമീപത്ത് ഉപേക്ഷിച്ച് അക്രമികൾ കടന്നുകളഞ്ഞു. മദ്യലഹരിയിലായിരുന്ന പ്രതികൾ മുകുന്ദനെ തടഞ്ഞുനിറുത്തി ബൈക്കിന്റെ താക്കോൽ വാങ്ങുകയും മൊബൈൽ പിടിച്ചുവാങ്ങുകയും ചെയ്‌തു. തുടർന്ന് ഈ രാത്രിയിൽ എവിടെ പോകുകയാണെന്ന് ചോദിച്ചശേഷം മർദ്ദിക്കുകയായിരുന്നു.
രണ്ട് മണിക്കൂറിനുശേഷം ബോധം വീണപ്പോൾ ശരീരമാസകലം രക്തം വാർന്നൊലിക്കുന്ന നിലയിൽ മുകുന്ദൻ പള്ളിക്കൽ സ്റ്റേഷനിലെത്തി സി.ഐ ശ്രീജിത്തിനോട് സംഭവങ്ങൾ വിവരിക്കുകയായിരുന്നു. പൊലീസ് ജീപ്പിൽ മുകുന്ദകുമാറിനെ പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ദ ചികിത്സ ലഭ്യമാക്കി. തുടർന്ന്
അന്വേഷണം ആരംഭിച്ച പൊലീസ് വിവിധ സ്ഥലങ്ങളിൽ നിന്ന് പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളിൽ ഒരാളായ റാഷിഖിനെതിരെ കഴിഞ്ഞവർഷം യുവാവിനെ മർദ്ദിച്ച സംഭവത്തിൽ കേസുണ്ട്. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയതിനാൽ പൊലീസ് ഇയാളെ അറസ്റ്റുചെയ്‌തിരുന്നില്ല. ക്രിമിനൽ കേസുകളിലെ പ്രതികളായ ഇവർ ലഹരിമരുന്നുകൾക്കടിമയാണെന്ന് പൊലീസ് പറഞ്ഞു. സി.ഐ ശ്രീജിത്ത്. പിയുടെ നേതൃത്വത്തിൽ എസ്.ഐ സഹിൽ. എം, സി.പി.ഒമാരായ അജീസ്, രഞ്ജിത്ത്, പ്രിജു, എസ്.സി.പി.ഒ ബിനു എന്നിവരടങ്ങുന്ന സംഘം പിടികൂടിയ പ്രതികളെ റിമാൻഡ് ചെയ്‌തു.