തിരുവനന്തപുരം: വയോജന സംരക്ഷണം ഉറപ്പാക്കാൻ പ്രത്യേക വയോജന കമ്മിഷനെ നിയോഗിക്കാൻ നിയമ നിർമ്മാണം നടത്തുമെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. തിരുവനന്തപുരം നഗരസഭയും കേരള സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായി സംഘടിപ്പിച്ച 11-ാമത് വയോമിത്രം വാർഷികാഘോഷവും വയോജനങ്ങളെ ആദരിക്കലും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുടുംബങ്ങളിൽ വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് അതിവേഗം പരിഹാരം കാണാൻ കമ്മിഷൻ രൂപീകരണത്തോടെ സഹായകമാകും. ഇപ്പോൾ വയോജന കൗൺസിലുകൾ ചേർന്ന് സംസ്ഥാന ജില്ലാതലത്തിൽ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ചടങ്ങിൽ വയോജന പ്രതിനിധകളായ രണ്ടുപേരെ മന്ത്രി പൊന്നാട അണിയിച്ചു.
ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി.കെ. രാജു അദ്ധ്യക്ഷനായി. ലേബർ കമ്മിഷണറും സാമൂഹ്യ സുരക്ഷാ മിഷൻ ഡയറക്ടറുമായ എസ്. ചിത്ര, നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. സലീം, മരാമത്ത്കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിൽ, എം.ആർ. ഗോപൻ, പി. പദ്മകുമാർ, നഗരസഭാ സെക്രട്ടറി ബിനു ഫ്രാൻസിസ്, നഗരസഭാ സാമൂഹ്യ സുരക്ഷാമിഷൻ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.