വർക്കല: വീടിന് തീപിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ച പുത്തൻചന്തയിലെ പച്ചക്കറി പഴവർഗ മൊത്ത വ്യാപാരിയായ ആർ. പ്രതാപൻ (62), ഭാര്യ ഷേർളി (52), മരുമകൾ അഭിരാമി (24), ഇളയമകൻ അഹിൽ (29), അഭിരാമിയുടെ മകൻ റയാൻ ( 8 മാസം) എന്നിവരുടെ സംസ്‌കാരം വീണ്ടും മാറ്റി.
ഇന്ന് കുടുംബവീടായ രാഹുൽനിവാസിൽ സംസ്‌കരിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും ലണ്ടനിലുള്ള അഭിരാമിയുടെ അച്ഛന് നാട്ടിലെത്താൻ കഴിയാതെ പോയ സാഹചര്യത്തിലാണ് ചടങ്ങ് മാറ്റിയത്. രണ്ട് ദിവസത്തിനകം സംസ്‌കാരം നടത്താനാണ് തീരുമാനം. മകളെയും ചെറുമകനെയും കാണണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹത്തെ തുടർന്നാണ് ചടങ്ങ് മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ രണ്ട് ദിവസം കൂടി അവിടെ സൂക്ഷിക്കാൻ ബന്ധുക്കൾ ആശുപത്രി അധികൃതരിൽ നിന്ന് അനുമതി നേടി. പ്രതാപന്റെ മൂത്തമകനായ രാഹുൽ പ്രതാപും കുടുംബവും കഴിഞ്ഞദിവസം ഗൾഫിൽ നിന്ന് നാട്ടിലെത്തിയിരുന്നു.